പൗരസ്വാതന്ത്ര്യത്തിന്മേലുള്ള വെല്ലുവിളി: മാർ ജോസഫ് പാംപ്ലാനി
Tuesday, July 29, 2025 2:45 AM IST
ആലക്കോട്: നിസ്വാർഥമായി സേവനം ചെയ്യുന്ന കന്യാസ്ത്രീകളെ കള്ളക്കേസ് ചുമത്തി ജയിലിൽ അടച്ചത് ഭാരതത്തിന്റെ മതേതര സ്വഭാവത്തിനും ഭരണഘടന നൽകുന്ന പൗരസ്വാതന്ത്ര്യത്തിനും എതിരേയുള്ള വെല്ലുവിളിയാണെന്ന് ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. വളരെ ദുഃഖകരമായ അനുഭവത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്നും ആർച്ച്ബിഷപ് പറഞ്ഞു.
ഛത്തീസ്ഗഡിൽ വർഗീയശക്തികളുടെ ആൾക്കൂട്ട വിചാരണ നേരിടുകയും ഒടുവിൽ പോലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്യുകയും ചെയ്ത സിസ്റ്റർ വന്ദന ഫ്രാൻസിസിന്റെ വീട് സന്ദർശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മാർ പാംപ്ലാനി.
രാജ്യത്തെ ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ല എന്ന അവബോധം ശക്തിപ്പെടുത്തിയെടുക്കാൻ ആരൊക്കെയോ പരിശ്രമിക്കുന്നുണ്ട് എന്നുള്ളത് ദുഃഖകരമായ വസ്തുതയാണ്. ഏതു തരത്തിലുള്ള ന്യൂനപക്ഷ പീഡനങ്ങളും രാജ്യത്തിന്റെ മതേതരത്വത്തിനും ഭരണഘടനയ്ക്കും വിരുദ്ധമാണ്. ഭരണം കൈയാളുന്നവർ ഭരണഘടന അനുശാസിക്കുന്ന രീതിയിൽ ഭരണം നടത്തണം.
ഏതു സാഹചര്യത്തിലും ഇതു പറയാനുള്ള ആർജവം സഭയ്ക്കുണ്ട്. കന്യാസ്ത്രീകളെ ആൾക്കൂട്ട വിചാരണ നടത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതിനു പിന്നിൽ പ്രവർത്തിച്ചവരെ വസ്തുനിഷ്ഠമായ അന്വേഷണം നടത്തി നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണം.
രാജ്യത്തെ എല്ലാ ന്യൂനപക്ഷ മതവിഭാഗങ്ങൾക്കും ഭരണഘടന നൽകുന്ന സ്വാതന്ത്യം ഉറപ്പുവരുത്തേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. അതിൽ വീഴ്ച വരുത്തുന്നവർ ആ സ്ഥാനത്ത് തുടരാൻ യോഗ്യരാണോ എന്ന കാര്യം അവർ തന്നെ വിചിന്തനം ചെയ്യണമെന്നും ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.