ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; സന്യസ്തർക്കു രാജ്യത്തു സ്വതന്ത്ര സഞ്ചാരം നിഷേധിക്കപ്പെടുന്നു: മാർ താഴത്ത്
Tuesday, July 29, 2025 2:45 AM IST
കൊച്ചി: ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവം അത്യന്തം പ്രതിഷേധാർഹവും വേദനാജനകവുമാണെന്ന് സിബിസിഐ പ്രസിഡന്റും തൃശൂർ ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്.
സംഭവം രാജ്യത്തെ മതേതര ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷ അവകാശങ്ങളുടെയും മതസ്വാതന്ത്ര്യത്തിന്റെയും നഗ്നമായ ലംഘനമാണ്. ദുർഗ് സംഭവം രാജ്യത്ത് ക്രൈസ്തവ മതന്യൂനപക്ഷങ്ങൾക്കിടയിൽ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്. സന്യസ്തർക്കു സഭാവസ്ത്രം ധരിച്ച് രാജ്യത്തു സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന തുടർ സംഭവങ്ങളിൽ ഒന്നു മാത്രമാണു ദുർഗ് സംഭവം.
രാജ്യത്ത് മതന്യൂനപക്ഷങ്ങൾക്കു ഭയമില്ലാതെ പ്രവർത്തിക്കുന്നതിന് ആവശ്യമായ സംരക്ഷണം നൽകാൻ പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും അടിയന്തരനടപടികൾ സ്വീകരിക്കണം. അതേസമയം, ഈ വിഷയത്തെ രാഷ്ട്രീയ ആയുധമാക്കുന്നതിനോട് സഭ യോജിക്കുന്നില്ല.
രാഷ്ട്രീയപ്രേരിതമായ കുറ്റപ്പെടുത്തലുകളല്ല, ക്രൈസ്തവ ന്യൂനപക്ഷത്തിനു സംരക്ഷണം ഉറപ്പാക്കുന്ന നടപടികളാണുണ്ടാവേണ്ടത്. അതിന് എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും പിന്തുണ ആവശ്യമാണ്.
കാക്കനാട് സീറോ മലബാർ സഭയുടെ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ നടത്തിയ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സീറോ മലബാർ മീഡിയ കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ, സീറോ മലബാർ സഭ പിആർഒ ഫാ. ടോം ഒാലിക്കരോട്ട് എന്നിവരും പങ്കെടുത്തു.