ഒന്നിച്ചു നിൽക്കാൻ കഴിയുമ്പോഴാണ് സമുദായം ശക്തമാകുന്നത്: മാർ റാഫേൽ തട്ടിൽ
Tuesday, July 29, 2025 2:45 AM IST
കൊച്ചി: സമുദായബോധം സ്വത്വബോധമാണെന്നും ഒന്നിച്ചു നിൽക്കാൻ കഴിയുന്നിടത്താണ് സമുദായം ശക്തമാകുന്നതെന്നും സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ അഭിപ്രായപ്പെട്ടു.
സീറോമലബാര്‍ സഭ സമുദായ ശക്തീകരണ വര്‍ഷാചരണത്തിന്റെ ഭാഗമായി സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന പദ്ധതി അവതരണ, ചര്‍ച്ചാ സമ്മേളനത്തിൽ സമാപനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
നമ്മുടെ കഴിവുകൾ നമ്മൾതന്നെ വളർത്തണം. സുറിയാനി ക്രിസ്ത്യാനികളുടെ പരമ്പരാഗത തൊഴിലായ കാർഷികവൃത്തി പുനരുജ്ജീവിപ്പിക്കണം. സമുദായത്തിന്റെ പ്രശ്നങ്ങളെ ഒറ്റക്കെട്ടായി നേരിടണമെന്നും മേജർ ആർച്ച്ബിഷപ് മാർ തട്ടിൽ ആഹ്വാനം ചെയ്തു.
ഉദ്ഘാടന ചടങ്ങിൽ പബ്ലിക് അഫയേഴ്സ് കമ്മീഷന് ചെയര്മാന് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. സമുദായം സമസ്ത രംഗങ്ങളിലും ശക്തി പ്രാപിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
കേരള ചരിത്രത്തിലും വികസനവഴികളിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള സീറോമലബാർ സഭയുടെ പൈതൃകം അതിന്റെ തനിമയോടെ നിലനിർത്തുന്നതിനും മാറിയ കാലത്തിന്റെ സ്പന്ദനങ്ങളറിഞ്ഞ് സഭയുടെ വളർച്ചയ്ക്കാവശ്യമായ മുന്നേറ്റം നടത്തുന്നതിനും സമുദായം ഉണരേണ്ട സമയമായെന്ന് ആമുഖപ്രസംഗത്തിൽ കമ്മീഷൻ കണ്‍വീനര്‍ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ പറഞ്ഞു.
സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലില്‍ സമുദായ ശക്തീകരണ കർമപദ്ധതി 2026ന്റെ വിശദമായ രൂപരേഖ അവതരിപ്പിച്ചു. തുടർന്നു പ്രതികരണങ്ങളും ചർച്ചയും നടന്നു.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും കോട്ടയം അതിരൂപത വികാരി ജനറാളുമായ മോണ്‍. മൈക്കിള്‍ വെട്ടിക്കാട്ട്, ഇരിങ്ങാലക്കുട വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ, ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയിൽ, വിവിധ രൂപത പ്രതിനിധികൾ, സംഘടനാ നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത സംഭവത്തിൽ കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.