“സഭയും സമൂഹവും കന്യാസ്ത്രീമാർക്കൊപ്പം”
Tuesday, July 29, 2025 2:45 AM IST
കൊച്ചി: അന്യായമായ കുറ്റങ്ങൾ അരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീമാർക്ക് പൂർണ പിന്തുണ നൽകുമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.
സഭയും സമൂഹവും കന്യാസ്ത്രീമാരുടെ നീതിക്കായി നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. അറസ്റ്റിലായ സിസ്റ്റർ പ്രീതിയുടെ അങ്കമാലി എളവൂരിലെ വീട്ടിലെത്തി മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും സന്ദർശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മിഷണറിമാർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നൽകിയിട്ടുള്ള സംഭാവനകൾ വിലപ്പെട്ടതാണ്. ജാതിമത ഭേദമന്യേയാണ് മിഷണറിമാർ ജനങ്ങൾക്കിടയിൽ സേവനം ചെയ്യുന്നത്.
തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ദൈവത്തെപ്രതിയും സമൂഹത്തിനായുമാണ് അവരുടെ നിസ്വാർഥമായ പ്രവർത്തനങ്ങൾ. തെറ്റായ വാദങ്ങളും ആരോപണങ്ങളും നിരത്തി ഭാരതത്തിലെ മഹത്തായ മിഷൻ ചൈതന്യത്തെ തളർത്താനാവില്ല.
രാജ്യത്തെ മതേതര, ഭരണഘടനാ അവകാശങ്ങളെ ഹനിക്കാനുള്ള വർഗീയ ശക്തികളുടെ ശ്രമങ്ങളെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ശക്തമായി പ്രതിരോധിക്കണം. വർഗീയതയുടെ അഴിഞ്ഞാട്ടത്തിന് സർക്കാരുകളും അധികാരികളും കൂട്ടുനിൽക്കുന്ന സ്ഥിതി ആശങ്കയുളവാക്കുന്നതാണ്.
ഭാരതത്തിന്റെ മതേതര മനസിനെ കളങ്കപ്പെടുത്തുന്ന ന്യൂനപക്ഷ പീഡനങ്ങൾക്കെതിരേ പൊതുസമൂഹം ശക്തമായ നിലപാട് സ്വീകരിക്കണം. അറസ്റ്റിലായ കന്യാസ്ത്രീകൾക്കു നീതി ലഭ്യമാക്കാൻ സഭ സാധ്യമായതെല്ലാം ചെയ്യുമെന്നും മേജർ ആർച്ച്ബിഷപ് പറഞ്ഞു.
ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, സീറോ മലബാർ സഭ പിആർഒ ഫാ. ഡോ. ടോം ഓലിക്കരോട്ട്, എറണാകുളം-അങ്കമാലി അതിരൂപത പിആർഒയും വൈസ് ചാൻസലറുമായ ഫാ. പോൾ മേലേടത്ത്, കത്തോലിക്ക കോൺഗ്രസ് ഡയറക്ടർ ഫാ.ഡോ. ഫിലിപ്പ് കവിയിൽ, പ്രസിഡന്റ് രാജീവ് കൊച്ചുപറന്പിൽ, സെക്രട്ടറി ജോസ്കുട്ടി ഒഴുകയിൽ, അല്മായ നേതാക്കൾ എന്നിവരും മേജർ ആർച്ച്ബിഷപ്പിനൊപ്പമുണ്ടായിരുന്നു.