മൃഗങ്ങളുടെ അവകാശത്തേക്കാള്‍ വലുതാണു മനുഷ്യാവകാശം: ഹൈക്കോടതി
Tuesday, July 29, 2025 2:45 AM IST
കൊച്ചി: മൃഗങ്ങളുടെ അവകാശത്തേക്കാള്‍ വലുതാണ് മനുഷ്യാവകാശമെന്ന് മനസിലാക്കിയേ പറ്റൂവെന്ന് ഹൈക്കോടതി. തെരുവുനായകളുടെ കടിയേറ്റ് അടുത്ത ബന്ധുക്കള്‍ നഷ്ടമാകുന്നവര്‍ക്കും നേരിട്ട് കടിയേല്‍ക്കുന്നവര്‍ക്കും മാത്രമേ അതിന്റെ വേദന മനസിലാകൂ.
വന്യജീവി ആക്രമണത്തെ പോലെ തെരുവുനായ ആക്രമണത്തെയും ദുരന്തനിവാരണ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും ജസ്റ്റീസ് സി.എസ്. ഡയസ് വ്യക്തമാക്കി. മനുഷ്യന് മൃഗങ്ങളെ കടിച്ചാല്‍ മാത്രമല്ല, മൃഗങ്ങള്‍ മനുഷ്യനെ കടിച്ചാലും കേസ് എടുക്കണം. തെരുവുനായകള്‍ മുനുഷ്യനെ കടിച്ചാല്‍ തദ്ദേശ സ്ഥാപന സെക്രട്ടറിയാകും ഉത്തരവാദി. സംസ്ഥാനത്തെ തെരുവുനായ പ്രശ്നം അതിഗുരുതരമാണ്.
പ്രഭാതനടത്തത്തിനു പോകുന്നവര്‍ പട്ടി കടിയേല്‍ക്കാതെ തിരിച്ചു വരുമെന്ന് ഒരു ഉറപ്പുമില്ലാത്ത സ്ഥിതി ഗൗരവത്തോടെ കാണണം. ചില്ലുകൊട്ടാരത്തിലിരുന്ന് ആര്‍ക്കും എന്തും പറയാനാവും. നടപ്പാക്കാന്‍ കഴിയുന്ന പരിഹാര മാര്‍ഗങ്ങളാണ് സര്‍ക്കാരില്‍നിന്നടക്കം ഉണ്ടാകേണ്ടത്. തെരുവുനായ ശല്യം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെ നിയമവിദ്യാര്‍ഥിനി കീര്‍ത്തന സരിന് അടക്കം നല്കിയ ഹര്‍ജികളാണു കോടതി പരിഗണിച്ചത്.
കണ്ണൂരില്‍ പട്ടിയുടെ കടിയേറ്റ കുട്ടി പ്രതിരോധമരുന്ന് കുത്തിവച്ചിട്ടും മരണപ്പെട്ടു. ഗുരുതര രോഗം ബാധിച്ച നായകളെ ദയാവധത്തിനു വിധേയമാക്കാനുള്ള തീരുമാനമൊന്നും പ്രശ്നത്തിനുള്ള പരിഹാരമല്ല. മൃഗസ്നേഹികളെ തെരുവുനായ്ക്കളുടെ സംരക്ഷണം ഏല്‍പ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതാണ്. നിങ്ങള്‍ അസോസിയേഷന് രൂപീകരിക്കാന്‍, കേസില്‍ കക്ഷി ചേര്‍ന്ന മൃഗസ്നേഹികളോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു.
നിങ്ങളെ പട്ടി കടിച്ചിട്ടുണ്ടോയെന്നും തനിക്ക് ആ വേദന മനസിലാകുമെന്നും ഇതേ കക്ഷിയുടെ അഭിഭാഷകനോടു കോടതി പറഞ്ഞു. തെരുവുനായ കടിച്ചാല്‍ എഫ്ഐആര്‍ എടുക്കാന്‍ നിര്‍ദേശിക്കും. സംസ്ഥാന പോലീസ് മേധാവിയെ കേസില്‍ കക്ഷി ചേര്‍ക്കാനും കോടതി നിര്‍ദേശിച്ചു.
തെരുവുനായകളുടെ എണ്ണം സംസ്ഥാനത്ത് പെരുകുകയാണ്. 50 ലക്ഷം തെരുവുനായകളെങ്കിലും ഇവിടെ ഉണ്ടാകും. ആറു മാസത്തിനകം ഏകദേശം ഒരു ലക്ഷത്തോളം പേരെയെങ്കിലും തെരുവനായകള്‍ കടിച്ചിട്ടുണ്ട്. 16 പേർ മരിച്ചു. എന്നാല്‍, രണ്ടു മുതല്‍ മൂന്ന് ലക്ഷം തെരുവുനായക്കള്‍ മാത്രമേ സംസ്ഥാനത്തുള്ളുവെന്ന് സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ അറിയിച്ചു. കണക്ക് ശരിയാണെന്നു കരുതുന്നില്ലെന്ന് കോടതിയും പറഞ്ഞു.
തെരുവുനായ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള അപേക്ഷകള്‍ പരിഗണിച്ച് തീരുമാനമെടുക്കാനുള്ള ചുമതല ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റിക്കു നല്‍കാനും ജസ്റ്റീസ് സിരിജഗന് കമ്മിറ്റിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനുമുള്ള തീരുമാനം കോടതി അംഗീകരിച്ചു. നഷ്ടപരിഹാരം തേടി സിരിജഗന് കമ്മിറ്റിക്കു നല്കിയ അപേക്ഷകളില്‍ 1000 എണ്ണത്തില്‍ മാത്രമാണ് തീരുമാനമെടുത്തത്. 7000 എണ്ണത്തില്‍ ഇനിയും തീരുമാനമെടുക്കാനുണ്ട്.
സിരിജഗന് കമ്മിറ്റിക്കു പകരം സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള ജില്ലാതല കമ്മിറ്റിയില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റി സെക്രട്ടറി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എന്നിവരാണ് അംഗങ്ങള്‍. സിരിജഗന് കമ്മിറ്റി സ്വീകരിച്ച മാനദണ്ഡങ്ങള്‍ പ്രകാരം നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ ഈ കമ്മിറ്റിയും തീരുമാനമെടുക്കാന്‍ കോടതി നിര്‍ദേശിച്ചു.