ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു
Wednesday, July 30, 2025 1:41 AM IST
കൊച്ചി: ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആൻഡ് ഫെലോഷിപ്സ് പ്രോഗ്രാം എന്ന പേരിൽ വാർഷിക സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും അക്കാദമിക മികവ് പുലർത്തുന്നവരുമായ വിദ്യാർഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസത്തിനു സഹായം നൽകുകയാണു പദ്ധതിയുടെ ലക്ഷ്യം.
വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ്, ഡോ. മൂപ്പൻസ് നഴ്സിംഗ് കോളജ്, ഡോ. മൂപ്പൻസ് കോളജ് ഓഫ് ഫാർമസി എന്നിവിടങ്ങളിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്കാണു സ്കോളർഷിപ് നൽകുക.
എംബിബിഎസ്, ബിഎസ്സി നഴ്സിംഗ്, ബിഫാം കോഴ്സുകളിലേക്ക് അപേക്ഷിക്കുന്ന യോഗ്യരായ 25 വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. ഓരോ വർഷവും അഞ്ച് എംബിബിഎസ്, 10 നഴ്സിംഗ്, 10 ബിഫാം വിദ്യാർഥികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
എംബിബിഎസ് സ്കോളർഷിപ്പുകൾക്കുള്ള തെരഞ്ഞെടുപ്പ് പൂർണമായും മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും. മികച്ച അക്കാദമിക് ട്രാക്ക് റെക്കോർഡും നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്കുമുള്ള വിദ്യാർഥികളെയാണ് തെരഞ്ഞെടുക്കുകയെന്നു ഡോ. ആസാദ് മൂപ്പൻ പത്രസമ്മേളനത്തിൽ പറഞ്ഞു. സ്കോളർഷിപ്പിനുള്ള അപേക്ഷകൾ 28 മുതൽ സ്വീകരിച്ചു തുടങ്ങും. കൂടുതൽ വിവരങ്ങൾക്ക് www.dmscholarship.in സന്ദർശിക്കുക.