അച്ഛനെ കൊന്ന് മൃതദേഹം ചാക്കിലാക്കി തള്ളി; മകൻ കസ്റ്റഡിയിൽ
Wednesday, July 30, 2025 1:41 AM IST
മണ്ണുത്തി (തൃശൂർ): മുളയം കൂട്ടാലയിൽ മകൻ അച്ഛനെ കൊലപ്പെടുത്തി മൃതദേഹം ചാക്കിലാക്കി വിജനമായ പറമ്പിൽ ഉപേക്ഷിച്ചു. കൂട്ടാല സ്വദേശി മൂത്തേടത്ത് സുന്ദരൻനായരാണ്(80) കൊല്ലപ്പെട്ടത്. മകൻ സുമേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കൂട്ടാല പാൽ സൊസൈറ്റി പരിസരത്തു വീടിനോടുചേർന്ന പറമ്പിലാണ് ചാക്കിൽകെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. അച്ഛനെ കൊലപ്പെടുത്തിയശേഷം ചാക്കിൽകെട്ടി സമീപത്തെ പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവശേഷം രക്ഷപ്പെട്ട സുമേഷിനെ പുത്തൂരിലെ ബന്ധുവീട്ടിൽനിന്നു പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകിട്ട് 5.45 ഓടെയാണ് സംഭവം. ജോലി കഴിഞ്ഞു വിട്ടിലെത്തിയ ഭാര്യ സുന്ദരനെ കാണാതായതിനെതുടർന്നു ബന്ധുക്കളെ വിവരമറിയിച്ചു. തെരച്ചിൽ നടത്തുന്നതിനിടെ വീടിന്റെ പരിസരത്തു രക്തക്കറ കണ്ടതിനെ തുടർന്നു പരിസരത്തു വിശദമായ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകകാരണം അറിവായിട്ടില്ല.
തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ, ഒല്ലൂർ എസിപി സുധീരൻ, മണ്ണുത്തി എസ്എച്ച്ഒ കെ.സി. ബൈജു തുടങ്ങിയവർ സംഭവസ്ഥലത്തെത്തിയിരുന്നു.