ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി യുജി, പിജി അഡ്മിഷൻ തുടങ്ങി
Wednesday, July 30, 2025 1:41 AM IST
കണ്ണൂർ: കേരളത്തെ സമ്പൂർണ ബിരുദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഈ വർഷത്തെ യുജി/പിജി അഡ്മിഷൻ ആരംഭിച്ചതായി വൈസ് ചാൻസിലർ പ്രഫ. ഡോ. വി.പി. ജഗതി രാജ്. ഇതിനായി 29 യുജി/പിജി പ്രോഗ്രാമുകൾക്കും മൂന്ന് സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്കും അപേക്ഷ ക്ഷണിച്ചതായി വിസി കണ്ണൂരിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
സെപ്റ്റംബർ 10 വരെ www.ടgou.ac.in എന്ന വെബ്സൈറ്റിലൂടെ ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം. എംബിഎ, എംസിഎ പ്രോഗ്രാമുകൾ കൂടി യൂണിവേഴ്സിറ്റി ഈ അധ്യയന വർഷം ആരംഭിക്കും. യുജിസി അംഗീകാരം ലഭിച്ചതായും നോട്ടിഫിക്കേഷൻ പിന്നീട് പ്രസിദ്ധീകരിക്കുമെന്നും വിസി അറിയിച്ചു.
കണ്ണൂർ ജില്ലയിൽ ഗവ. ബ്രണ്ണൻ കോളജ്, സെന്റ് ജോസഫ് കോളജ് പിലാത്തറ, കോളജ് ഓഫ് എൻജിനിയറിംഗ് തലശേരി എന്നിവിടങ്ങൾ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പഠന കേന്ദ്രമായി പ്രവർത്തിക്കും. പ്ലസ് ടു പാസായവർക്ക് ഏതു വിഷയമെടുത്തും ഡിഗ്രി നേടാനുള്ള അവസരമാണിത്. അനാഥാലയത്തിലെ അന്തേവാസികൾക്ക് ഫീസ് ഇളവോടെ പഠിക്കാൻ അവസരമുണ്ട്.
സ്പോൺസർ ചെയ്യാൻ താത്പര്യമുള്ള സ്ഥാപനങ്ങളുണ്ടെങ്കിൽ അവരുമായി സഹകരിച്ച് വരും വർഷങ്ങളിൽ ഇത് സൗജന്യമാക്കാനും ആലോചനയുണ്ടെന്ന് വിസി പറഞ്ഞു.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും പഠനത്തിൽ മികവ് പുലർത്തുന്നതുമായ ഭവനരഹിതരായ എല്ലാ പഠിതാക്കൾക്കും ‘ഒപ്പം’ പദ്ധതിയിൽപ്പെടുത്തി വീട് നിർമിച്ചു നല്കുന്നുണ്ട്. പത്രസമ്മേളനത്തിൽ ഡോ. പി.പി. അജയകുമാർ, പ്രഫ. അബ്ദുൾ ഗഫൂർ, ജി. സുഗുണൻ എന്നിവരും പങ്കെടുത്തു.