ചെയ്യാത്ത കുറ്റത്തിനു ശിക്ഷ; നഷ്ടപരിഹാരം നൽകി സർക്കാർ
Wednesday, July 30, 2025 1:41 AM IST
തൃശൂർ: കൊലക്കേസിൽ അന്യായമായി പ്രതിചേർക്കപ്പെട്ടു ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട നിരപരാധികൾക്കു നഷ്ടപരിഹാരത്തുക പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ.
1994ൽ ഡിസംബർ നാലിനു ഗുരുവായൂരിനടുത്തു തൊഴിയൂരിൽ ബിജെപി പ്രവർത്തകനായ തൊഴിയൂർ സുനിൽ കൊല്ലപ്പെട്ട കേസിലാണ് നടപടി. വിചാരണക്കോടതി ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരെ പിന്നീട് ഹൈക്കോടതി വെറുതേ വിട്ടു.
ബിജി, റഫീഖ്, ഹരിദാസ്, ബാബുരാജ് എന്നിവരെയാണു വെറുതേ വിട്ടത്. നഷ്ടപരിഹാരത്തുക നിശ്ചയിച്ച സർക്കാർ നടപടി കേരളചരിത്രത്തിലെ അത്യപൂർവ സംഭവമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾഖാദർ പറഞ്ഞു.
വിചാരണക്കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയും നിരവധി വർഷങ്ങൾ മാനസികപീഡനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തശേഷമാണു നഷ്ടപരിഹാരം ലഭിക്കുന്നത്. അഞ്ചു ലക്ഷം രൂപ ഓരോരുത്തർക്കും നഷ്ടപരിഹാരമായി നൽകാൻ അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വാനന്ദ് സിൻഹ ഉത്തരവിട്ടു.
സുനിൽ വധക്കേസ് പുനരന്വേഷിക്കണമെന്ന് ആദ്യകേസിലെ പ്രതിയായിരുന്ന ബാബുരാജ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയെത്തുടർന്നാണു നഷ്ടപരിഹാരത്തിനു വഴിതുറന്നത്.
ഈ അന്വേഷണത്തിൽ കേസിലെ യഥാർഥ പ്രതികളെ പോലീസ് പിടികൂടി. ഹരിദാസ് പോലീസ് മർദനത്തെത്തുടർന്ന് ക്ഷയരോഗബാധിതനായി പത്തുവർഷം മുന്പ് മരിച്ചു. ബാബുരാജിന്റെ പരാതിയിൽ തുടരന്വേഷണത്തിനു ഹൈക്കോടതി ഉത്തരവായെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.
2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം വീണ്ടും നൽകിയ നിവേദനത്തെത്തുടർന്നാണു പുനരന്വേഷണത്തിന് ഉത്തരവായത്. നഷ്ടപരിഹാരം സംബന്ധിച്ച് സർക്കാർ പരാതിക്കാരെ കേട്ട് ഉചിതമായ തീരുമാനമെടുക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
തങ്ങളെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിച്ച പോലീസുകാർക്കെതിരായ നിയമനടപടികൾ തുടരുമെന്നു ബാബുരാജ്, മുജീബ്, റഫീഖ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.