വെള്ളക്കുഴിയിൽ വീണ് നാലരവയസുകാരൻ മരിച്ചു
Wednesday, July 30, 2025 1:41 AM IST
വടക്കഞ്ചേരി: വാൽക്കുളമ്പ് പനംകുറ്റി കുരിശുപള്ളിക്കുസമീപം വെള്ളക്കുഴിയിൽ വീണ് നാലരവയസുകാരൻ മരിച്ചു. പനംകുറ്റി മോളേൽ വീട്ടിൽ ജോമോൻ - നീതു ദമ്പതികളുടെ മകൻ ഏബേലാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം നാലരയോടുകൂടിയാണ് സംഭവം. വീടിനടുത്തു കൂട്ടുകാരനുമൊത്ത് മീൻ പിടിക്കുന്നതിനിടെ ആഴമില്ലാത്ത പൊട്ടക്കിണറ്റിൽ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഒന്നാംക്ലാസുകാരൻ ബഹളംവച്ചതിനെതുടർന്നു നാട്ടുകാർ ചേർന്നു കുട്ടിയെ പുറത്തെടുത്ത് ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വടക്കഞ്ചേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.