നൂറിലധികം ഗെയിമുകളുമായി ലുലുവിൽ ഫൺലാൻഡ്
Thursday, August 21, 2025 11:26 PM IST
കൊച്ചി: കുട്ടികൾക്കായി രാജ്യത്തെതന്നെ ഏറ്റവും വലിയ സോഫ്റ്റ് പ്ലേ ഏരിയ ഒരുക്കി ലുലു ഫൺട്യൂറ. 30,000 ചതുരശ്ര അടി വിസ്തീർണത്തിൽ കൊച്ചി ലുലുമാളിലെ മൂന്നാം നിലയിലാണ് ഫൺലാൻഡ് ഒരുക്കിയിരിക്കുന്നത്. നടൻ അർജുൻ അശോകൻ ഉദ്ഘാടനം ചെയ്തു. ഭാര്യ നികിതയ്ക്കും മകൾ ആൻവിക്കുമൊപ്പമാണ് താരമെത്തിയത്.
നൂറിലധികം ഗെയിം ആക്ടിവിറ്റികളും ഗെയിം സോണുമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കുട്ടികൾക്കൊപ്പം രക്ഷിതാക്കൾക്കും പങ്കുചേരാവുന്ന ഗെയിം ഏരിയയും ഫൺലാൻഡിലുണ്ട്. അഞ്ചു നിലകളിലായി ഒരുങ്ങുന്ന ഫൺലാൻഡിന്റെ ഗ്രൗണ്ട് ഫ്ലോറിൽ മൂന്നു വയസിനു താഴെയുള്ള കുട്ടികൾക്കായി കിഡ്സ് സോൺ ഒരുക്കിയിരിക്കുന്നത്.
സ്പൈഡർ വെബ്, പത്തോളം സ്ലൈഡുകൾ, കുട്ടികൾക്കായുള്ള സ്പേസ്ഷിപ്പ്, പല വിധത്തിലുള്ള ഗെയിം ആൻഡ് ആക്ടിവിറ്റി സോണുകൾ, മ്യൂസിക്കൽ ഇൻസ്ട്രുമെൻസ്, ബാസ്കറ്റ് ബോൾ, ബോളിംഗ്, ഹാമർ, ഫയറിംഗ്, റോപ്പ് ക്ലൈംബിംഗ് തുടങ്ങി പലവിധത്തിലുള്ള ഗെയിമുകളും ഉണ്ടാകും.
ലുലു ഫൺട്യൂറയുടെ ഗെയിം കാർഡ് ഉപയോഗിച്ചും റീചാർജ് ചെയ്തും ഫൺലാൻഡിൽ പ്രവേശിക്കാം. ചടങ്ങിൽ കൊച്ചി ലുലു റീജണൽ ഡയറക്ടർ സാദിഖ് കാസിം, ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി. സ്വരാജ്, ലുലു ഇന്ത്യ ഹൈപ്പർമാർക്കറ്റ്സ് ജനറൽ മാനേജർ സുധീഷ് നായർ, ലുലു ഫൺട്യൂറ ഇന്ത്യ ജനറൽ മാനേജർ അംബികാപതി, കൊച്ചി ലുലുമാൾ ജനറൽ മാനേജർ വിഷ്ണു രഘുനാഥ്, ഓപ്പറേഷൻസ് മാനേജർ ഒ. സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.