മലബാര്‍ ഗോള്‍ഡ് ഹൈദരാബാദില്‍ അത്യാധുനിക ആഭരണ നിര്‍മാണ കേന്ദ്രം ആരംഭിച്ചു
Sunday, July 6, 2025 12:49 AM IST
കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഹൈദരാബാദില്‍ അത്യാധുനിക ഇന്റഗ്രേറ്റഡ് ആഭരണ നിർമാണ കേന്ദ്രം ആരംഭിച്ചു. കമ്പനിയുടെ വളര്‍ച്ചാ പാതയില്‍ സുപ്രധാന നാഴികക്കല്ലായി മാറുമെന്ന് പ്രതീക്ഷിക്കുന്ന ഈ ആഭരണ നിര്‍മാണ കേന്ദ്രം രംഗറെഡ്ഡി ജില്ലയിലെ മഹേശ്വരം ജനറല്‍ പാര്‍ക്കിലാണ്.
3.45 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിച്ചിരിക്കുന്ന ഇന്റഗ്രേറ്റഡ് ആഭരണ നിര്‍മാണ കേന്ദ്രത്തില്‍ ആഭരണ ഡിസൈനിംഗ്, സ്വര്‍ണം, ഡയമണ്ട്, പ്ലാറ്റിനം മറ്റ് വിലപിടിപ്പുള്ള ലോഹങ്ങള്‍ എന്നിവയിലെ ആഭരണങ്ങളുടെ നിര്‍മാണം, എല്ലാ തരത്തിലും ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനുള്ള സംവിധാനങ്ങള്‍, റിഫൈനിംഗ്, ഹാള്‍മാര്‍ക്കിംഗ്, വെയര്‍ഹൗസിംഗ്, സപ്ലൈ ചെയിന്‍ മാനേജ്മെന്റ് എന്നിവ ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ സംയോജിപ്പിച്ചിരിക്കുന്നു.
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ഇത്തരത്തിലുള്ള ലോകത്തിലെ ആദ്യത്തെ സംയോജിത നിര്‍മാണ കേന്ദ്രമാണിത്. വര്‍ഷത്തില്‍ 4.7 ടണ്ണിലധികം സ്വര്‍ണാഭരണങ്ങളും 1.8 ലക്ഷം കാരറ്റ് വജ്രാഭരണങ്ങളും ഉത്പാദിപ്പിക്കാനുള്ള ശേഷി ഈ കേന്ദ്രത്തിനുണ്ടാകും. റിഫൈനറിക്ക് 78 ടണ്‍ വാര്‍ഷിക സ്വര്‍ണ ശുദ്ധീകരണ ശേഷിയുണ്ട്.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി ആഭരണ നിര്‍മാണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. തെലുങ്കാന ഐടി, വാണിജ്യ-വ്യവസായ മന്ത്രി ഡി. ശ്രീധര്‍ ബാബു, എംഎല്‍സി ബൊമ്മ മഹേഷ്കുമാര്‍ ഗൗഡ്, മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി. അഹമ്മദ്, വൈസ് ചെയര്മാന് കെ.പി. അബ്ദുള്‍ സലാം, ഇന്ത്യാ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഒ. അഷര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ എ.കെ. നിഷാദ്, വി.എസ്. ഷറീജ്, ഡയറക്ടര്‍ അബ്ദുള്ള ഇബ്രാഹിം, റീട്ടെയില്‍ ഓപ്പറേഷന്‍സ് ഹെഡ് (കേരളം) ആര്. അബ്ദുള്‍ ജലീല്‍, മാനുഫാക്ചറിംഗ് ഹെഡ് എ.കെ. ഫൈസല്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.