വിദേശ കൊപ്ര, തേങ്ങ ഇറക്കുമതി: കേന്ദ്ര അനുമതിക്കായി മില്ലുകാർ
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, July 14, 2025 1:48 AM IST
കൊപ്രയാട്ടു വ്യവസായത്തിനു താങ്ങ് പകരാൻ വിദേശ ചരക്ക് ഇറക്കുമതിക്ക് കേന്ദ്രം അനുമതി നൽകുമോ ? പ്രതീക്ഷയോടെ മില്ലുകാർ. സുഗന്ധവ്യഞ്ജന വാങ്ങലുകാർ സംഘടിതമായി കുരുമുളക് സംഭരണം കുറച്ച് വിലക്കയറ്റത്തെ പിടിച്ചുനിർത്താൻ ശ്രമം തുടങ്ങി. പ്രതികൂലകാലാവസ്ഥയിൽ ഏലം ഉത്പാദന മേഖലയിൽ അഞ്ച് കോടി രൂപയുടെ നഷ്ടം. ഒസാക്ക എക്സ്ചേഞ്ചിൽ റബർ മൂന്ന് മാസത്തെ ഉയർന്ന നിലവാരത്തിലേക്ക് പ്രവേശിക്കാൻ അണിയറ ഒരുക്കത്തിൽ.
നേട്ടമില്ലാതെ നാളികേര കർഷകർ
വിദേശ കൊപ്രയും തേങ്ങയും ഇറക്കുമതിക്ക് കേന്ദ്ര അനുമതിക്കായി വ്യവസായികൾ കാതോർക്കുന്നു. പിന്നിട്ട ആറ് മാസമായി അസംസ്കൃത വസ്തുക്കളുടെ ക്ഷാമം മൂലം ദക്ഷിണേന്ത്യയിലെ ആയിരക്കണിന് കൊപ്രയാട്ട് മില്ലുകളുടെ പ്രവർത്തനം ഭാഗികമായോ, പൂർണമായോ തടസപ്പെട്ടിരിക്കുകയാണ്. താത്കാലികമായി ഫിലിപ്പീൻസ്, ഇന്തോനേഷ്യൻ ചരക്ക് ലഭിച്ചാൽ കൊപ്രയാട്ട് വ്യവസായ മേഖലയ്ക്ക് പുതുജീവൻ കൈവരിക്കാനാവും.

വെളിച്ചെണ്ണ വില പരിധിവിട്ട് കുതിച്ചുകയറിയ സാഹചര്യത്തിൽ കയറ്റുമതി താത്കാലികമായി നിരോധിക്കുന്നത് പ്രദേശിക വിപണികളിൽ വെളിച്ചെണ്ണയുടെ നിലനിർത്താൻ ഉപകരിക്കും. വിദേശ കൊപ്രയും നാളികേരവും എത്തിച്ചാൽ മുന്നിലുള്ള ആറ് മാസ കാലയളവിൽ വിപണിയെ ഒരു നിശ്ചിത റേഞ്ചിൽ പിടിച്ചുനിർത്താൻ വിപണിക്കാവും.
നിലവിൽ ദക്ഷിണേന്ത്യൻ വെളിച്ചെണ്ണ വിപണി നിയന്ത്രിക്കുന്നത് ഊഹക്കച്ചവടക്കാരാണ്. അതായത് ഇപ്പോഴത്തെ റിക്കാർഡ് വില വർധനയുടെ നേട്ടം ഒരു വിഭാഗം വ്യവസായികളിൽ ഒതുങ്ങുന്നു. തേങ്ങയും കൊപ്രയും ചരിത്ര നേട്ടം കൈവരിച്ചത് കാഴ്ചക്കാരെപ്പോലെ നോക്കിനിൽക്കാൻ മാത്രമേ നമ്മുടെ കർഷകർക്കാവുന്നുള്ളൂ.
ചിങ്ങം അടുത്ത സാഹചര്യത്തിൽ ഒരു ലക്ഷം ടൺ കൊപ്ര ഇറക്കുമതിക്ക് വാണിജ്യമന്ത്രാലയം അനുമതി നൽകിയാൽ പാചകയെണ്ണകൾ ഉപഭോക്താക്കൾക്ക് ന്യായവിലയ്ക്ക് ശേഖരിക്കാനാവും. ജനുവരിയെ അപേക്ഷിച്ച് വെളിച്ചെണ്ണയ്ക്ക് ക്വിന്റലിന് 16,500 രൂപ ഉയർന്ന് 38,800 രൂപയിലെത്തി. പാം ഓയിൽ, സൂര്യകാന്തി തുടങ്ങിയ ഇറക്കുമതി പാചകയെണ്ണകൾ 20,000 രൂപയിൽ താഴ്ന്ന വിലയ്ക്കാണ് കൈമാറുന്നത്.
ഇറക്കുമതി കൊപ്ര എത്തിയാൽ മാത്രമേ വെളിച്ചെണ്ണയ്ക്ക് ഇതര പാചകയെണ്ണകളുമായി മത്സരിക്കാൻ അവസരം ലഭിക്കൂ. അല്ലാത്തപക്ഷം വിദേശ ശക്തിക്ക് മുന്നിൽ വെളിച്ചെണ്ണ അടിപതറിയാൽ അതിന്റെ പ്രത്യാഘാതം നാളികേര ഉത്പാദന മേഖലയ്ക്കാവും.
കുരുമുളക് വിലയിടിക്കാൻ വാങ്ങലുകാർ
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സുഗന്ധവ്യഞ്ജന വാങ്ങലുകാർ സംഘടിതരായി കുരുമുളക് വിപണിയിൽനിന്ന് വാരാവസാനം അകന്ന് വില ഇടിക്കാൻ അവസാന അടവ് പയറ്റുന്നു. ഉത്സവ കാല ആവശ്യങ്ങൾക്ക് കനത്തതോതിൽ ചരക്ക് ആവശ്യമുള്ള അവർക്ക് കേരളത്തിൽനിന്നും കർണാടകത്തിൽനിന്നും ചരക്ക് ലഭിക്കാതെ വന്നതോടെ വിലക്കയറ്റത്തിന് തുരങ്കം വയ്ക്കാനുള്ള അടവായി ഈ നീക്കത്തെ കാർഷിക മേഖല വീക്ഷിക്കുന്നു.

ഡൽഹി, കാൺപുർ, പഞ്ചാബ്, ഹരിയാന തുടങ്ങിയ വിപണികളിൽ നാടൻ കുരുമുളക് സ്റ്റോക്ക് കുറവാണ്. ലഭ്യത കുറഞ്ഞതിനാൽ കാർഷിക മേഖലകളിൽ ഏജന്റുമാരെ ഇറക്കിയിട്ടും കുറഞ്ഞ വിലയ്ക്ക് ചരക്ക് വിറ്റുമാറാൻ കർഷകർ തയാറായില്ല. അതുകൊണ്ടുതന്നെ മധ്യവർത്തികൾ സ്റ്റോക്കിൽ പിടിമുറുക്കുന്നുണ്ട്. കൊച്ചി വിപണിയിൽ മുളക് വരവ് കുറഞ്ഞ അളവിലാണ്. മറ്റ് ഉത്പാദക രാജ്യങ്ങളിലും കുരുമുളക് വില കുറച്ച് വിൽപ്പനയ്ക്ക് ഇറക്കാൻ താത്പര്യം കാണിക്കുന്നില്ല.
ഇന്ത്യൻ മാർക്കറ്റിൽ ഒരു വിലവർധന അവരും മുന്നിൽ കാണുന്നുണ്ട്. കൊച്ചിയിൽ ഗാർബിൾഡ് മുളക് വില ക്വിന്റലിന് 69,000 രൂപയിൽനിന്നും 68,800 രൂപയായി. അന്താരാഷ്ട്ര മാർക്കറ്റിൽ മലബാർ മുളക് വില ടണ്ണിന് 8200 ഡോളർ.
പ്രതികൂല കാലാവസ്ഥയിലും കീടബാധയിലും ഏലം
ഏലത്തോട്ടങ്ങളിൽ വിളവെടുപ്പ് ഊർജിതമായി. കനത്ത മഴയിൽ പല തോട്ടങ്ങളിൽ അഴുകൽ രോഗം ബാധിച്ചതായി കർഷകർ. അമിത കീടനാശിനി പ്രയോഗം സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുന്നു. അനുകൂല കാലാവസ്ഥയിൽ ഏലം ഉത്പാദനം മുന്നിലുള്ള മാസങ്ങളിൽ വർധിക്കാൻ അവസരം ഒരുക്കുമെന്ന പ്രതീക്ഷയിലാണ്. കീടബാധ ഏലം ഉത്പാദനത്തിലും ഗുണമേൻമയിലും കുറവ് വരുത്തുന്നതായി കർഷകർ.

എന്നാൽ ഉത്പാദകർക്ക് ആവശ്യമായ നിർദേശങ്ങൾ അവസരോചിതമായി നൽകുന്നതിൽ കൃഷിഭവനുകൾ വൻ പരാജയമായി മാറുന്നു. പിന്നിട്ട ഒന്നര മാസ കാലയളവിൽ പ്രതികൂല കാലാവസ്ഥയിൽ ഏകദേശം 730 ഹെക്ടർ തോട്ടങ്ങളിൽ കൃഷിനാശം സംഭവിച്ചു. കൃഷിവകുപ്പിന്റെ ഏകദേശ കണക്കിൽ അഞ്ച് കോടി രൂപയുടെ നഷ്ടം ഏലം മേഖലയ്ക്കുണ്ടായി. വാരാവസാനം മികച്ചയിനങ്ങൾ കിലോ 3367 രൂപയിലും ശരാശരി ഇനം ഏലക്ക കിലോ 2653 രൂപയിലുമാണ്.
റബറിൽ ചാഞ്ചാട്ടം
ജപ്പാൻ ഒസാക്ക എക്സ്ചേഞ്ചിൽ റബർ മൂന്ന് മാസങ്ങളിലെ ഏറ്റവും ഉയർന്ന വിലയെ ഉറ്റുനോക്കുന്നു. അപ്രതീക്ഷിതമായി വിയറ്റ്നാമിലും തായ്ലൻഡിലും മഴ മൂലം ടാപ്പിംഗ സ്തംഭിച്ചത് ആഗോള വിപണിയിലേക്കുള്ള ഷീറ്റ് നീക്കത്തിൽ കുറവ് വരുത്താൻ ഇടയുണ്ട്.

കനത്ത മഴ തുടരുന്നതിനാൽ ടാപ്പിംഗിൽനിന്നും പല മേഖലകളിലെയും കർഷകർ വിട്ടുനിൽക്കാൻ നിർബന്ധിതരായി. അതേസമയം ഷീറ്റ് ക്ഷാമത്തിനിടയിലും ബാങ്കോക്കിൽ റബർ വില 191 രൂപയിലേക്ക് താഴ്ന്ന് ഇടപാടുകൾ നടന്നു. ഒസാക്ക എക്സ്ചേഞ്ചിൽ കിലോ 316 യെന്നിലാണ്. വിപണി 327 യെന്നിലെ പ്രതിരോധ മേഖലയെ ലക്ഷ്യമാക്കിയുള്ള പ്രയാണത്തിലാണ്, ഈ തടസം മറികടന്നാൽ 336 യെന്നിൽ പ്രതിരോധം തലയുയർത്താം.
ഇതിനിടയിൽ ആഭ്യന്തര മാർക്കറ്റിൽ റബറിനെ നിയന്ത്രിക്കാൻ ഒരു വിഭാഗം വിൽപ്പനക്കാർ നീക്കം നടത്തിയത് നാലാം ഗ്രേഡിന്റെ 200 രൂപയിൽ നിന്നും 206 വരെ ഉയർത്തി. നിലവിലെ സാഹചര്യത്തിൽ 210ലേക്ക് നിരക്ക് സഞ്ചരിച്ചാലും അത്ഭുതപ്പെടാനില്ല. എന്നാൽ, ഉയർന്ന വിലയ്ക്ക് ഷീറ്റ് സംഭരിക്കാൻ വൻകിട കന്പനികൾ ഇനിയും താത്പര്യം കാണിച്ചിട്ടില്ല. ആ നിലയ്ക്ക് വീക്ഷിച്ചാൽ വിലക്കയറ്റത്തിനിടയിൽ സ്റ്റോക്ക് വിറ്റുമാറുന്നതാവും അഭികാമ്യം.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴമറ ഒരുക്കിയ ചെറുകിട കർഷകർ ടാപ്പിംഗിന് ഉത്സാഹിച്ചു. മഴ ശക്തമല്ലെങ്കിൽ മുന്നിലുള്ള ദിവസങ്ങളിലും അവർ റബർ വെട്ടിന് താത്പര്യം കാണിക്കും. കൊച്ചി, കോട്ടയം വിപണികളിൽ ഷീറ്റ്, ലാറ്റക്സ് വരവ് നാമമാത്രമാണ്.