ജൂണിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം കൂടി
Sunday, July 13, 2025 12:02 AM IST
മുംബൈ: 2025 ജൂണിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം വാർഷികാടിസ്ഥാനത്തിൽ 5.1 ശതമാനം വർധിച്ചതായി ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഐസിആർഎ അറിയിച്ചു.
2024 ജൂണിൽ 132.1 ലക്ഷത്തെക്കാൾ 5.1 ശതമാനം ഉയർന്ന് ഈ ജൂണിൽ 138.7 ലക്ഷം ആളുകളാണ് വിമാനയാത്രകൾ നടത്തിയത്. എന്നാൽ മേയ് മാസവുമായി താരതമ്യപ്പെടുത്തുന്പോൾ 1.3 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്.
2025 ജൂണിൽ വിമാനക്കന്പനികൾ സീറ്റ് നൽകിയ കണക്ക് 2024 ജൂണിനെ അപേക്ഷിച്ച് 4.9 ശതമാനം കൂടുതലായിരുന്നു. എന്നാൽ, 2025 മേയ് മാസവുമായി താരതമ്യപ്പെടുത്തുന്പോൾ ഇത് 2.3 ശതമാനം കുറവാണ്.
2026 സാന്പത്തിക വർഷത്തിൽ രാജ്യത്തെ വ്യോമയാന വ്യവസായം 2,000 മുതൽ 3,000 കോടി രൂപ വരെ നഷ്ടം രേഖപ്പെടുത്തുമെന്ന് ഐസിആർഎയും പ്രവചിച്ചു. വിമാന ഇന്ധന വിലയിലെ വർധനയും ഭൗരാഷ്ട്രീയ അപകടസാധ്യതകളും ഇതിന് കാരണമാകും.
2025-26 സാന്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം 4.22 കോടിയലധികമായിരുന്നു.