യൂറോപ്യൻ യൂണിയനും മെക്സിക്കോയ്ക്കും 30% തീരുവ
Sunday, July 13, 2025 12:02 AM IST
വാഷിംഗ്ടണ്: യൂറോപ്യൻ യൂണിയൻ, മെക്സിക്കോ എന്നിവിടങ്ങളിൽനിന്നുള്ള എല്ലാം സാധനങ്ങളുടെയും ഇറക്കുമതിക്കും യുഎസ് 30 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കത്തിലൂടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. ഓഗസ്റ്റ് ഒന്നുമുതൽ പുതിയ തീരുവ പ്രാബല്യത്തിലാകും.
ഫെന്റാനൈലിന്റെയും മറ്റ് മയക്കുമരുന്നുകളുടെയും യുഎസിലേക്കുള്ള ഒഴുക്ക് തടയുന്നതിൽ മെക്സിക്കോ പരാജയപ്പെട്ടതും യൂറോപ്യൻ യൂണിയനുമായി ദീർഘകാലമായുള്ള വ്യാപാര അസന്തുലിതാവസ്ഥയുമാണ് തീരുവ ഏർപ്പെടുത്താൻ ട്രംപിനെ പ്രേരിപ്പിച്ചത്.
27 രാജ്യങ്ങളുടെ കൂട്ടായ്മയ്ക്കായി യുഎസുമായി ഒരു സമഗ്ര വ്യാപാര കരാറിലെത്താൻ യൂറോപ്യൻ യൂണിയൻ പ്രതീക്ഷിച്ചിരുന്നു.
ഈ ആഴ്ച ആദ്യം, ജപ്പാൻ, ദക്ഷിണകൊറിയ, കാനഡ, ബ്രസീൽ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾക്കായി ട്രംപ് പുതിയ താരിഫ് പ്രഖ്യാപനങ്ങൾ പുറപ്പെടുവിച്ചു.
20ലധികം രാജ്യങ്ങൾക്ക് തീരുവ മുന്നറിയിപ്പ് നൽകിക്കൊണ്ട് ട്രംപ് കത്തയച്ചിരുന്നു. പുതിയ ഉഭയകക്ഷി വ്യാപാരക്കരാർ ഉറപ്പിക്കിയില്ലെങ്കിൽ ഇവർക്കെതിരേ ഓഗസ്റ്റ് ഒന്നു മുതൽ തീരുവ ഏർപ്പെടുത്തുമെന്നാണ് ട്രംപ് അറിയിച്ചത്.
ജപ്പാൻ, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക രാജ്യങ്ങൾക്കെതിരേ 25 ശതമാനം മുതൽ 40 ശതമാനം വരെ തീരുവ ചുമത്താൻ സാധ്യതയുണ്ട്. കൂടാതെ മറ്റ് എട്ട് രാജ്യങ്ങൾക്കുകൂടി കത്തെഴുതി അദ്ദേഹം പട്ടിക വിപുലീകരിച്ചു.
പുതിയ തീരുവ നിരക്കുകൾ ബ്രസീൽ (50%), ഫിലിപ്പീൻസ് (20%), ബ്രൂണെയ് (25%), മോൾഡോവ (25%), അൾജീരി (30%), ലിബിയ (30%), ഇറാക്ക് (30%), ശ്രീലങ്ക (30%) എന്നിങ്ങനെ പ്രഖ്യാപിച്ചു.
കൂടാതെ ചെന്പിന് 50% തീരുവയും ഏർപ്പെടുത്തി. അലുമിനിയം, സ്റ്റീൽ ഇറക്കുമതികൾക്ക് 50 ശതമാനം ആഗോള തീരുവയും യുഎസിൽ നിർമിക്കാത്ത എല്ലാത്തരം കാറുകൾക്കും ട്രക്കുകൾക്കും 25 ശതമാനം തീരുവയും എർപ്പെടുത്തിയിട്ടുണ്ട്.