തൃശൂരിന് നാലു വിക്കറ്റ് ജയം
Tuesday, September 2, 2025 2:22 AM IST
തോമസ് വർഗീസ്
കാര്യവട്ടം: തീപ്പൊരി ബൗളിംഗുമായി സിബിൻ ഗിരീഷും വെടിക്കെട്ട് ബാറ്റിംഗുമായി ക്യാപ്റ്റൻ ഷോണ്‍ റോജറും തിളങ്ങിയപ്പോൾ കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) തൃശൂർ ടൈറ്റൻസ് നാലു വിക്കറ്റിന് ആലപ്പി റിപ്പിൾസിനെ തോൽപ്പിച്ചു. നാല് ഓവറിൽ 16 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ സിബിൻ ഗിരീഷാണ് പ്ലെയർ ഓഫ് ദി മാച്ച്. സ്കോർ: ആലപ്പി റിപ്പിൾസ് 20 ഓവറിൽ 128/9. തൃശൂർ ടൈറ്റൻസ്: 19.2 ഓവറിൽ 134/6.
വീഴ്ചയോടെ തുടക്കം
ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത തൃശൂരിന്റെ ക്യാപ്റ്റൻ ഷോണ്‍ റോജറിന്റെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമായിരുന്നു ഓപ്പണിംഗ് ബൗളർമാരുടേത്. 40 റണ്‍സ് എടുക്കുന്നതിനിടെ ആലപ്പുഴയുടെ നാലു മുൻനിര ബാറ്റർമാരുടെ വിക്കറ്റ് തെറിപ്പിച്ച് തൃശൂർ മത്സരം വരുതിയിലാക്കി.
ഇന്നിംഗ്സിന്റെ ആദ്യ പന്തിൽ തന്നെ ആലപ്പി ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ റണ്ണൗട്ടായി. സ്കോർ 24 എത്തിയപ്പോൾ അഭിഷേക് പി. നായർ (17 പന്തിൽ 22 റണ്‍സ്) വിനോദ്കുമാറിന്റെ പന്തിൽ മുഹമ്മദ് ഇഷ്താഖിന്റെ കൈകളിലെത്തി.
കഴിഞ്ഞ മത്സരത്തിൽ മികച്ച ബാറ്റിംഗ് നടത്തിയ ജലജ് സക്സേന മൂന്നു പന്തിൽ ഒരു റണ്ണുമായി പവലിയനിലേക്കു മടങ്ങി. സിബിൻ ഗിരീഷ് എറിഞ്ഞ എട്ടാം ഓവറിലെ അഞ്ചാം പന്തിൽ മുഹമ്മദ് കൈഫ് (4) അജിനാസിന് ക്യാച്ച് നല്കി പുറത്തേക്ക്. ടി.കെ. അക്ഷയ് (38 പന്തിൽ 49), മുഹമ്മദ് ഇനാൻ (7), മുഹമ്മദ് നാസിൽ (0) എന്നിവരുടെ വിക്കറ്റുകളും സിബൻ സ്വന്തമാക്കി. എം.പി. ശ്രീരൂപിനെ (30 പന്തിൽ 24) അജിനാസും പുറത്താക്കി.
പൊരുതി നേടി
129 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ തൃശൂരിന് ആറ് റണ്‍സെടുത്ത അഹമ്മദ് ഇമ്രാനും റണ്ണെടുക്കാതെ ആനന്ദ് കൃഷ്ണനും തുടക്കത്തിൽ തന്നെ മടങ്ങി. മുഹമ്മദ് നാസിലായിരുന്നു ഇരുവരുടെയും വിക്കറ്റ് നേടിയത്. സീസണിൽ ആദ്യമായി മത്സരത്തിനിറങ്ങിയ കെ.ആർ. രോഹിത് ക്യാപ്റ്റൻ ഷോണ്‍ റോജർക്കൊപ്പം ചേർന്ന് സ്കോറിംഗ് വേഗത്തിലാക്കി.
രോഹിത് (26 പന്തിൽ 30 റണ്‍സ്), അക്ഷയ് മനോഹർ (20 പന്തിൽ 16), എ.കെ. അർജുൻ (1), സി.വി. വിനോദ് കുമാർ (5) എന്നിവർ വേഗത്തിൽ മടങ്ങി. ക്യാപ്റ്റൻ ഷോണ്‍ റോജർ 50 പന്തിൽ ആറു ബൗണ്ടറിയോടെ 49 റണ്‍സുമായി പുറത്താകാതെ നിന്നു. കെ. അജിനാസ് അഞ്ചു പന്തിൽ 16 റണ്‍സ് നേടി.
അവസാന ഓവറിൽ തൃശൂരിന് വിജയിക്കാൻ വേണ്ടത് ആറു റണ്‍സ്. രാഹുൽ ചന്ദ്രന്റെ ആദ്യ പന്ത് കെ. അജിനാസ് ബൗണ്ടറി പായിച്ചു. രണ്ടാം പന്ത് വൈഡ്. അടുത്ത പന്ത് സിക്സർ പായിച്ച് അജിനാസ് വിജയ റണ്‍ കുറിച്ചു.
കൊച്ചിയുടെ സ്വന്തം സഞ്ജു

കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) ട്വന്റി-20 ക്രിക്കറ്റിൽ സഞ്ജു വി. സാംസണ് മികവ് തുടരുന്നു. 2025 സീസണിലെ മൂന്നാം അർധ സെഞ്ചുറി നേടിയ സഞ്ജുവിന്റെ ബാറ്റിംഗ് മികവിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് മൂന്നു വിക്കറ്റിന് ആലപ്പി റിപ്പിൾസിനെ തോൽപ്പിച്ചു.
സീസണിൽ കൊച്ചിയുടെ ആറാം ജയം. ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിൾസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങി. കൊച്ചി 10 പന്ത് ബാക്കി നിൽക്കേ ലക്ഷ്യത്തിലെത്തി. 83 റണ്‍സെടുത്ത സഞ്ജു സാംസനാണ് പ്ലെയർ ഓഫ് ദി മാച്ച്.
കൊച്ചിക്കായി ഇതുവരെ അഞ്ച് ഇന്നിംഗ്സ് ബാറ്റിംഗിന് ഇറങ്ങിയ സഞ്ജു ഒരു സെഞ്ചുറിയും മൂന്ന് അർധ സെഞ്ചുറിയും ഇതിനോടകം സ്വന്തമാക്കി. ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കാലിക്കട്ട് ഗ്ലോബ് സ്റ്റാഴ്സിന് എതിരേയാണ് കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ അടുത്ത മത്സരം.