മെസിപ്പട വീണു; സിയാറ്റിലിന് ലീഗ്സ് കിരീടം
Tuesday, September 2, 2025 2:22 AM IST
ഫിലാഡെൽഫിയ: കരിയറിലെ 50-ാം ഫൈനൽ മത്സരത്തിൽ വിജയിച്ചുകയറാമെന്ന ലയണൽ മെസിയുടെ മോഹം സഫലമായില്ല.
ലീഗ്സ് കപ്പ് ഫൈനലിൽ മെസിയുടെ ഇന്റർ മയാമിയെ തകർത്ത് സിയാറ്റിൽ സൗണ്ടേഴ്സ് കിരീടം ചൂടി. എതിരില്ലാത്ത മൂന്നുഗോളുകൾക്കാണ് സിയാറ്റിലിന്റെ ജയം.
സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ 26-ാം മിനിറ്റിൽ തന്നെ സിയാറ്റിൽ സൗണ്ടേഴ്സ് ലീഡ് നേടി. ഒസാസെ ഡി. റൊസാരിയോ ആണ് ഇന്റർ മയാമിയുടെ വല കുലുക്കിയത്.
രണ്ടാം പകുതിയിൽ സുവാരസും മെസിയും മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഗോൾ കണ്ടെത്താനായില്ല. 84-ാം മിനിറ്റിൽ സിയാറ്റിലിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. അലക്സ് റോൾഡൻ പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് സിയാറ്റിലിന്റെ ലീഡുയർത്തി. മെസിപ്പടയ്ക്ക് തിരിച്ചടിക്കാനായില്ല.