ഇറാൻ പരീക്ഷയിൽ ഇന്ത്യക്ക് തോൽവി
Tuesday, September 2, 2025 2:22 AM IST
ഹിസോർ (തജിക്കിസ്ഥാൻ): കാഫ നേഷൻസ് കപ്പ് ഫുട്ബോളിൽ ഖാലിദ് ജമീലിന്റെ കീഴിലിറങ്ങിയ ഇന്ത്യൻ സംഘത്തിന് തുടർ വിജയം നേടാനായില്ല. ഇന്നലെ നടന്ന മത്സരത്തിൽ ശക്തരായ ഇറാനോട് മൂന്നു ഗോളുകൾക്ക് ഇന്ത്യ പരാജയം സമ്മതിച്ചു.
ഫിഫ റാങ്കിങ്ങിൽ 20-ാം റാങ്കിലുള്ള ഇറാനു മുന്നിൽ 133-ാം സ്ഥാനക്കാരായ ഇന്ത്യക്ക് വെല്ലുവിളിയുയർത്താൻ സാധിച്ചില്ല.
ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു. എന്നാൽ രണ്ടാം പകുതിയിൽ ഇറാൻ തന്ത്രങ്ങൾക്കു മുന്നിൽ ഇന്ത്യ പതറി.
59-ാം മിനിറ്റിൽ അമിർഹൊസൈനിലൂടെ ഇറാൻ ആദ്യ ഗോൾ കണ്ടെത്തി. 89-ാം മിനിറ്റിൽ ടറേമിയിലൂടെ രണ്ടാം ഗോളും 90+6 മിനിറ്റിൽ അലിപൗർഘാരയിലൂടെ മൂന്നാം ഗോളും നേടി വിജയം സുനിശ്ചിതമാക്കി.
ആദ്യ മത്സരത്തിൽ തജിക്കിസ്ഥാനെതിരേ ഇന്ത്യ ജയം നേടിയിരുന്നു. പുതിയ കോച്ച് ഖാലിദ് ജമീലിന്റെ കീഴിലുള്ള ആദ്യ മത്സരമായിരുന്നു അത്. ഇറാൻ ആദ്യമത്സരത്തിൽ 3-1ന് അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചിരുന്നു.