അമീബിക് മസ്തിഷ്കജ്വരം: മൂന്നു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
Tuesday, September 2, 2025 1:27 AM IST
കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മൂന്നു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.
ഓമശേരി അമ്പലക്കണ്ടി കനിയംപുറം വീട്ടില്‍ അബൂബക്കര്‍ സിദ്ദിഖ് -മൈമൂന ദമ്പതികളുടെ മകന് മുഹമ്മദ് ആഹില്‍ ആണു മരിച്ചത്. ഓഗസ്റ്റ് നാലുമുതല്‍ മെഡിക്കല്‍ കോളജില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണു മരണം.
ശനിയാഴ്ച മലപ്പുറം കണ്ണമംഗലം കാപ്പില്‍ കണ്ണോത്ത് മുഹമ്മദ് ബഷീറിന്റെ ഭാര്യ റംല (52) മരിച്ചിരുന്നു. ഇരുപത്തിനാലു മണിക്കൂറിനകം രണ്ടു പേരാണു മരിച്ചത്.
നിലവില്‍ മാതൃ-ശിശു സംരക്ഷണകേന്ദ്രത്തില്‍ മൂന്നു കുട്ടികളും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആറു പേരും ചികിത്സയിലുണ്ട്.
രോഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ കിണറുകളും ജലാശയങ്ങളും ക്ലോറിനേഷന് നടത്തുന്ന പ്രവൃത്തികള്‍ നടന്നുവരികയാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ ക്ലോറിനേഷന് നടന്നിരുന്നു.