വാഹനാപകടം: കേരളം മൂന്നാംസ്ഥാനത്ത്
Tuesday, September 2, 2025 1:24 AM IST
റെനീഷ് മാത്യു
കണ്ണൂർ: രാജ്യത്തുണ്ടാകുന്ന വാഹനാപകടങ്ങളിൽ 10 ശതമാനം കേരളത്തിലാണെന്നും അപകടങ്ങളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണെന്നും റോഡ് ഗതാഗത ഹൈവേ മന്ത്രാലയം.
2023ലെ റോഡപകടങ്ങളെക്കുറിച്ച് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം. 2023ൽ രാജ്യത്ത് ആകെ 4,80,583 അപകടങ്ങളാണുണ്ടായത്. റോഡപകടങ്ങളുടെ 14 ശതമാനം സംഭവിക്കുന്ന തമിഴ്നാടാണ് ഒന്നാം സ്ഥാനത്ത് (67,213 അപകടങ്ങൾ). രണ്ടാം സ്ഥാനത്ത് 11.5 ശതമാനത്തോടെ മധ്യപ്രദേശും (55, 437 അപകടങ്ങൾ).
കേരളത്തിൽ 48,091 അപകടങ്ങളാണു റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2022ലെ കണക്കിൽ 9.5 ശതമാനം അപകടങ്ങളുമായി കേരളം മൂന്നാം സ്ഥാനത്തായിരുന്നു. 2021ൽ 8.1 ശതമാനം അപകടങ്ങളുമായി അഞ്ചാംസ്ഥാനത്തും.
കേരളത്തെക്കാൾ വലിയ സംസ്ഥാനങ്ങളെല്ലാം അപകടനിരക്കിൽ പിന്നിലാണ്. റോഡ് സുരക്ഷയ്ക്കായി ഏറ്റവും കൂടുതൽ ഫണ്ട് ചെലവഴിക്കുന്നതും റോഡപകടങ്ങൾ തടയാൻ കൂടുതൽ വകുപ്പുകളുള്ളതും കേരളത്തിലാണ്.
രാജ്യത്തുണ്ടാകുന്ന 70 ശതമാനം റോഡപടകങ്ങളും ഡ്രൈവറുടെ വീഴ്ചകൊണ്ടാണ്. ഇതിനെ തുടർന്ന് ഡ്രൈവിംഗ് ടെസ്റ്റ് ശാസ്ത്രീയമായ രീതിയിൽ നടപ്പാക്കണമെന്ന് കേന്ദ്ര സർക്കാരിന്റെ നിർദേശം ഇതുവരെ കേരളം നടപ്പാക്കിയിട്ടുമില്ല.