അമേരിക്കയിലേക്കുള്ള പോസ്റ്റൽ സർവീസുകൾ നിർത്തി
Tuesday, September 2, 2025 1:23 AM IST
പി. ജയകൃഷ്ണൻ
കണ്ണൂർ: പുതിയ അമേരിക്കൻ ഇറക്കുമതി തീരുവകളെക്കുറിച്ചുള്ള ആശയക്കുഴപ്പം കാരണം ഓഗസ്റ്റ് 25 മുതൽ ഇന്ത്യൻ പോസ്റ്റൽ സർവീസ് യുഎസിലേക്കുള്ള എല്ലാ പാഴ്സൽ സേവനങ്ങളും താത്കാലികമായി നിർത്തിവച്ചു.
110 പുതിയ യുഎസ് താരിഫ് നിയമങ്ങൾ ഡി മിനിമിസ് ഇളവ് നീക്കം ചെയ്തതാണ് ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്കുള്ള പാഴ്സൽ ബുക്കിംഗുകൾ ഗണ്യമായി തടസപ്പെടാൻ ഇടയാക്കിയത്. ഇത് ഇന്ത്യ പോസ്റ്റ് സേവനങ്ങളും എല്ലാ പാഴ്സലുകളുടെയും കസ്റ്റംസ് തീരുവയും താത്കാലികമായി നിർത്തിവയ്ക്കുന്നതിലേക്കു നയിച്ചു.
എന്നാൽ, ഡിഎച്ച്എൽ, ഫെഡ്എക്സ്, യുപിഎസ് പോലുള്ള കൊറിയർ കമ്പനികൾ ഇപ്പോഴും അന്താരാഷ്ട്ര സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും കാലതാമസവും വർധിച്ച ചെലവുകളും വലിയ തിരിച്ചടിയാണ്.
നേരത്തേ 800 ഡോളറിൽ താഴെ വിലയുള്ള പാക്കേജുകൾക്ക് ഡ്യൂട്ടി-ഫ്രീ എൻട്രി അനുവദിച്ചിരുന്ന ‘ഡി മിനിമിസ്’ നിയമം യുഎസ് ഭരണകൂടം ഇല്ലാതാക്കിയതാണ് ഇന്ത്യൻ ജനതയ്ക്ക് തിരിച്ചടിയായത്. ഓഗസ്റ്റ് 29ന് മാറ്റം പ്രാബല്യത്തിലായി.
ഇതോടെ മൂല്യം പരിഗണിക്കാതെ, യുഎസി ലേക്കുള്ള എല്ലാ ഷിപ്പ്മെന്റുകൾക്കും ഇപ്പോൾ കസ്റ്റംസ് തീരുവ, നികുതി, ബ്രോക്കറേജ് ഫീസ് എന്നിവ ഈടാക്കാം. നേരത്തേ 400 രൂപ മതിയായിരുന്ന ഒരു പാഴ്സൽ ഇപ്പോൾ അമേരിക്കയിലേക്ക് അയയ്ക്കണമെങ്കിൽ 4000 രൂപ വരെ ചെലവ് വരും. ഇതോടെയാണ് ഇന്ത്യൻ പോസ്റ്റൽ സർവീസ് അമേരിക്കയിലേക്കുള്ള പോസ്റ്റൽ ഇടപാടുകൾ താത്കാലികമായി നിർത്തിവച്ചത്.