യുപിഐ ഇടപാടിൽ വലവിരിച്ച് തട്ടിപ്പ് സംഘം
Tuesday, September 2, 2025 1:23 AM IST
കണ്ണൂർ: സാന്പത്തികനേട്ടം വാഗ്ദാനം ചെയ്തുള്ള ലിങ്കുകൾ, അടുത്ത ബന്ധുക്കൾ മയക്കുമരുന്ന് കേസിൽ അറസ്റ്റിലാണെന്നറിയിച്ച പോലീസ് യൂണിഫോം ഇട്ടുള്ള വീഡിയോ കോൾ എന്നിവകളിൽ പഴയ പോല ഇരകൾ വീഴുന്നില്ലെന്നു മനസിലാക്കിയ തട്ടിപ്പ് സംഘം പുതിയ തട്ടിപ്പുമായി രംഗത്ത്. ഗുഗിൾപേ, പേടിഎം തുടങ്ങിയ യുപിഐ ഇടപാടുകളിലാണു തട്ടിപ്പ് സംഘം വല നെയ്തിരിക്കുന്നത്.
യുപിഐ സംവിധാനത്തിൽ അക്കൗണ്ടിലേക്കു പണമയച്ചശേഷം കുറച്ച് കഴിഞ്ഞ് അബദ്ധത്തിൽ അയച്ചുപോയതാണെന്നു പറഞ്ഞ് പണം തിരിച്ചയയ്ക്കാൻ ആവശ്യപ്പടുകയാണു രീതി. ഇത്തരത്തിൽ പണം തിരിച്ചയയ്ക്കുന്പോൾ അയച്ച ആളുടെ ബാങ്ക് അക്കൗണ്ട് ഉൾപ്പെടെ എല്ലാ വിവരങ്ങളും തട്ടിപ്പ് സംഘം ചോർത്തിയെടുക്കും. അക്കൗണ്ടിലെ പണം തട്ടിയെടുക്കുന്നതിനൊപ്പം അക്കൗണ്ട് മറ്റുപല രീതിയിലും ദുരുപയോഗപ്പെടുത്തുകയും ചെയ്യും.
ഉത്തരേന്ത്യൻ ലോബിയാണു പുതിയ തട്ടിപ്പിന്റെ കേന്ദ്രമെന്നാണു വിലയിരുത്തൽ. നിരവധി പേർക്ക് ഇത്തരത്തിൽ നൂറു രൂപയും നൂറിൽ കുറവുമുള്ള പണമയച്ച ശേഷം ഫോണിൽ വിളിച്ച് പണം അയച്ചത് മാറിപ്പോയെന്നും തിരിച്ചയയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഹിന്ദിയിലാണു സംസാരം.
ഇത് വലിയ കെണിയായിരിക്കുമെന്ന സൂചനയാണു സൈബർ സെല്ലും നൽകുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങളോട് ഒരു തരത്തിലും പ്രതികരിക്കരുതെന്നും പണം ആരെങ്കിലും അയച്ചിട്ടുണ്ടെങ്കിൽ യുപിഐ സംവിധാനത്തിൽ ഒരിക്കലും തിരിച്ചയയ്ക്കരുതെന്നും അങ്ങനെ ചെയ്താൽ ബാങ്ക് അക്കൗണ്ടുൾപ്പടെ ഹാക്ക് ചെയ്യപ്പെട്ടേക്കാമെന്നും സൈബർ സെൽ അറിയിച്ചു. തട്ടിപ്പിനെതിരേ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്.