പുതുച്ചേരിയിലെ വൈദ്യുതി വിതരണം അദാനിക്ക് നൽകിയിട്ടില്ലെന്ന് മന്ത്രി
Tuesday, September 2, 2025 1:23 AM IST
മാഹി: പുതുച്ചേരി സംസ്ഥാനത്തെ വൈദ്യുതി വിതരണമുൾപ്പടെയുള്ളവ അദാനി ഗ്രൂപ്പിനു കൈമാറിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നു വൈദ്യുതി മന്ത്രി എ. നമശിവായം.
വൈദ്യുതി മേഖലയിൽ സ്വകാര്യവത്കരണം നടത്തുന്നതുമായി ബന്ധപ്പെട്ട് വളരെക്കാലം മുന്പ് ചർച്ച നടന്നിരുന്നു. എന്നാൽ, ഇതിനെതിരേ ജീവനക്കാരും രാഷ്ട്രീയപാർട്ടികളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
പിന്നീട് മുഖ്യമന്ത്രിയുമായി ചർച്ചകൾ നടത്തി. വൈദ്യുതി വകുപ്പിന്റെ 51 ശതമാനം ഓഹരികൾ സർക്കാരിന്റെ കൈവശം ഉറപ്പാക്കി 49 ശതമാനം ഓഹരികൾ സ്വകാര്യ മേഖലയ്ക്കു നൽകാൻ തീരുമാനിച്ചിരുന്നു. ഇതിനെതിരെ ട്രേഡ് യൂണിയനുകൾ ഫയൽ ചെയ്ത കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു.