ഷാജൻ സ്കറിയയെ ആക്രമിച്ച കേസ്: നാലു പേർ പിടിയിൽ
Tuesday, September 2, 2025 1:23 AM IST
തൊടുപുഴ: ഓണ്ലൈൻ മാധ്യമപ്രവർത്തകനായ ഷാജൻ സ്കറിയയെ കാർ തടഞ്ഞുനിർത്തി മർദിച്ച കേസിൽ നാല് ഡിവൈഎഫ്ഐ പ്രവർത്തകരെ ബംഗളൂരുവിൽ നിന്ന് പിടികൂടി.
മുഖ്യപ്രതിയായ ഡിവൈഎഫ്ഐ മുൻ ഭാരവാഹി മാത്യൂസ് കൊല്ലപ്പള്ളി ഉൾപ്പെടെയുള്ളവരെയാണ് തൊടുപുഴ പോലീസ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിനു ശേഷം ബംഗളുരുവിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ. കേസിൽ ഒരു പ്രതി കൂടിയുണ്ടെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ച വൈകുന്നേരം 6.45 നായിരുന്നു കേസിനാസ്പദമായ സംഭവം. ഒരു വിവാഹചടങ്ങിൽ പങ്കെടുക്കുന്നതിനായി തൊടുപുഴയിലെത്തിയ ഷാജൻ സ്കറിയയെ കറുത്ത ജീപ്പിലെത്തിയ അഞ്ച് പേർ മങ്ങാട്ടുകവലയിൽ മർദിക്കുകയായിരുന്നു. ആദ്യം ഷാജൻ സഞ്ചരിച്ചിരുന്ന കാറിൽ ജീപ്പുകൊണ്ടിടിച്ചു. വാഹനം നിർത്തിയപ്പോൾ വാതിൽ തുറന്ന് മുഖത്ത് ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
സംഭവ ദിവസം തന്നെ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. പ്രതികൾ മറ്റൊരു കാറിലാണ് ബംഗളൂരുവിലേക്ക് പോയത്. ഇതിൽ ഒരാൾ ഇടയ്ക്ക് ഫോണ് ഓണാക്കിയതോടെയാണ് പ്രതികൾ ഇവിടെയാണെന്ന് പോലീസിന് വ്യക്തമായത്.
തൊടുപുഴ സിഐ എസ്.മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം ഉടൻ ബംഗളൂരുവിലെത്തി പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പോലീസ് സംഘം പ്രതികളുമായി തൊടുപുഴയിലേക്ക് യാത്ര തിരിച്ചു. സ്റ്റേഷനിൽ എത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തും.
ആക്രമിക്കാൻ പ്രതികൾ എത്തിയ കറുത്ത ജീപ്പും കണ്ടെത്തണം. മാത്യൂസ് കൊല്ലപ്പള്ളിയെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിൽ വാർത്ത നൽകി എന്ന് ആരോപിച്ചാണ് ഷാജനെ പ്രതികൾ മർദിച്ചതെന്നാണ് വിവരം. പരിക്കേറ്റ ഷാജൻ സ്കറിയ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
മനഃപൂർവം തന്നെ കൊലപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് അക്രമം നടന്നതെന്ന് സംശയിക്കുന്നതായും ഷാജൻ സ്കറിയ പറഞ്ഞു.