എഡിഎമ്മിന്റെ മരണം; റവന്യു മന്ത്രിയെ വിളിച്ചെന്ന കളക്ടറുടെ മൊഴി ശരിവച്ച് മന്ത്രി രാജൻ
Tuesday, September 2, 2025 1:24 AM IST
കണ്ണൂര്‍: മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ ജില്ലാ കളക്ടര്‍ നല്കിയ മൊഴി ശരിവച്ച് റവന്യു മന്ത്രി കെ. രാജന്. മുന്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ എഡിഎമ്മിനെ തിരേ കൈക്കൂലി ആരോപണം ഉന്നയിച്ച യാത്രയയപ്പ് സമ്മേളനത്തിന് പിന്നാലെ കളക്ടര്‍ വിളിച്ചിരുന്നുവെന്ന് മന്ത്രി സമ്മതിച്ചു.
നവീൻ ബാബു വിഷയത്തിനുശേഷം ജില്ലയിലെ റവന്യൂ പരിപാടികളിൽ മന്ത്രി കെ.രാജൻ പങ്കെടുത്തിരുന്നില്ല. കളക്ടറുമായി വേദി പങ്കിടുന്നതിലായിരുന്നു എതിർപ്പ്. കണ്ണൂര്‍ ജില്ലാ കളക്ടറുമായി യാതൊരു പിണക്കവും തനിക്കില്ലെന്നും മന്ത്രി പറഞ്ഞു. പത്തുമാസത്തിനുശേഷം ഇന്നലെ കളക്ടറുമായി വേദി പങ്കിട്ടശേഷം പ്രതികരിക്കവെയാണ് മന്ത്രി കെ. രാജൻ ഇക്കാര്യം പറഞ്ഞത്.
നവീൻ ബാബുവിനെതിരേ ഒരു പരാതിയും ലഭിച്ചിട്ടില്ല. റവന്യൂ വകുപ്പിന്റെ അന്വേഷണത്തിൽ ഒരു തെറ്റും ചെയ്തതായി കണ്ടെത്തിയിട്ടുമില്ല. മുഖ്യമന്ത്രിക്കും ഇക്കാര്യം ബോധ്യപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.
മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ എഡിഎമ്മിനെതിരേ കൈക്കൂലി ആരോപണം ഉന്നയിച്ച യാത്രയയപ്പ് സമ്മേളനത്തിന് തൊട്ടുപിന്നാലെ നവീന്‍ ബാബു ചേംബറിലേക്ക് എത്തിയെന്നും തനിക്ക് ഒരു തെറ്റ് പറ്റിയെന്ന് പറഞ്ഞതായും ജില്ലാ കളക്ടര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.
അന്ന് തന്നെ മന്ത്രി കെ. രാജനെ വിളിച്ച് നടന്ന എല്ലാ കാര്യങ്ങളും പറഞ്ഞതായും കളക്ടറുടെ മൊഴിയില്‍ ഉണ്ട്. എന്നാല്‍ മന്ത്രി അക്കാര്യം ഇതുവരെയും സമ്മതിച്ചിരുന്നില്ല. ഇന്നലെയാണ് മന്ത്രി അക്കാര്യം ആദ്യമായി ശരിവയ്ക്കുന്നത്.