ഓണക്കാലം വിഷരഹിത ഭക്ഷണക്കാലമാകണം: മന്ത്രി പ്രസാദ്
Tuesday, September 2, 2025 1:23 AM IST
കൊച്ചി: ഓണക്കാലം വിഷരഹിത ഭക്ഷണക്കാലമാകണമെന്നും ആരോഗ്യ കേരളത്തിലേക്കുള്ള പുത്തന്‍ ചുവടുവയ്പാകണമെന്നും മന്ത്രി പി. പ്രസാദ്. കരുമാല്ലൂര്‍ ഇക്കോഷോപ്പില്‍ ഓണസമൃദ്ധി 2025 കര്ഷകച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ കര്‍ഷകരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും കൃഷി വ്യാപിപ്പിക്കുന്നതിനും സര്‍ക്കാരും കൃഷിവകുപ്പും വിവിധ പദ്ധതികളാണു നടപ്പാക്കുന്നത്. സംസ്ഥാനമൊട്ടാകെ 2,000 കര്ഷകച്ചന്തകളാണ് ആരംഭിക്കുന്നത്. ഓണക്കാലത്ത് കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ ലാഭകരമായ രീതിയില്‍ വിറ്റഴിക്കാനുള്ള അവസരമാണു ചന്തകളിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു.
വിവിധ പഴം-പച്ചക്കറി ഉത്പന്നങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടനും ഭൗമസൂചിക ഉത്പന്നങ്ങള്‍ ജില്ലാ കളക്ടര്‍ ജി. പ്രിയങ്കയും ഏറ്റുവാങ്ങി. കര്‍ഷകരായ കെ. അബ്ദുൾ റസാക്ക്, കെ.കെ. ഷാജി എന്നിവരെ മന്ത്രി ചടങ്ങില്‍ ആദരിച്ചു. കര്‍ഷകരില്‍നിന്നും നേരിട്ട് ഉപഭോക്താവിലേക്ക് എന്ന ലക്ഷ്യത്തോടെയാണു കൃഷിവകുപ്പ് കര്ഷകച്ചന്തകള് സംഘടിപ്പിച്ചിട്ടുള്ളത്.
പൊതുവിപണിയിലെ വിലയുടെ 10 ശതമാനത്തിലധികം നല്കി കൃഷി വകുപ്പ് കര്‍ഷകരില്‍നിന്നു സംഭരിക്കുന്ന പഴങ്ങളും പച്ചക്കറികളും 30 ശതമാനം വിലക്കുറവിലാണ് പൊതുജനങ്ങള്‍ക്കു ലഭ്യമാക്കുന്നത്. വ്യാഴാഴ്ച വരെ ചന്തകള്‍ പ്രവര്‍ത്തിക്കും.
കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്ദു കെ. പോള്‍, കൃഷി വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ എസ്. സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു.