യുപിഐ ഇടപാടുകളുടെ എണ്ണം ഓഗസ്റ്റിൽ 2000 കോടി കടന്നു
Tuesday, September 2, 2025 1:23 AM IST
എസ്.ആർ. സുധീർ കുമാർ
പരവൂർ : രാജ്യത്തെ മൊബൈൽ പേയ്മെന്റ് ഭീമനായ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസിന്റെ (യുപിഐ ) ഇടപാടുകളുടെ എണ്ണം 2025 ഓഗസ്റ്റിൽ 2000 കോടി കടന്നു. നാഷണൽ പേയ്മെന്റ് കോർപറേഷൻ ഒഫ് ഇന്ത്യയുടെ ഇന്നലെ പുറത്തിറക്കിയ കണക്കുകൾ പ്രകാരം ഓഗസ്റ്റിലെ ഇടപാടുകളുടെ എണ്ണം 2001 കോടിയാണ്.
ജൂലൈയിൽ ഇത് 1947 കോടിയായിരുന്നു. ഓഗസ്റ്റിലെ യുപിഐ ഇടപാടുകളുടെ ആകെ മൂല്യം 24.85 ലക്ഷം കോടി രൂപയാണ്. ഇടപാടുകളുടെ എണ്ണത്തിൽ വർധന ഉണ്ടെങ്കിലും തുകയുടെ കാര്യത്തിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. ജൂലൈയിലെ യുപിഐ ഇടപാട് മൂല്യം 25.08 ലക്ഷം കോടി രൂപയായിരുന്നു.
കഴിഞ്ഞ വർഷം (2024) ഓഗസ്റ്റിൽ യുപിഐ 1500 കോടി ഇടപാടുകളാണ് പ്രോസസ് ചെയ്തത്. ഇതനുസരിച്ച് യുപിഐ പ്ലാറ്റ്ഫോം 33 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി. ഓഗസ്റ്റ് രണ്ടിന് ദിവസേനയുള്ള യുപിഐ ഇടപാട് ആദ്യമായി 700 ദശലക്ഷം കവിഞ്ഞിരുന്നു. ഏതാനും ദിവസങ്ങൾക്ക് ശേഷം 721 ദശലക്ഷം ഇടപാടുകളും പ്രോസസ് ചെയ്തു. യുപിഐക്കായി ഒരു ദിവസം 100 കോടി ഇടപാടുകൾ നടത്തുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്.
നിലവിലെ വളർച്ചാനിരക്ക് പരിശോധിക്കുമ്പോൾ അടുത്ത വർഷം ഈ ലക്ഷ്യം കൈവരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. രാജ്യത്ത് ഇന്റർനെറ്റ് വ്യാപനം കൂടുതൽ മെച്ചപ്പെടുകയും കൂടുതൽ ആളുകളും വ്യാപാരികളും ഡിജിറ്റൽ പേയ്മെന്റ് മോഡ് സ്വീകരിക്കുകയും ചെയ്യുന്നതിനാൽ യുപിഐ പ്രതിമാസം അഞ്ച് മുതൽ ഏഴ് വരെ ശതമാനം വളർച്ചയും ഏകദേശം 40 ശതമാനം വാർഷിക വളർച്ചയും കൈവരിക്കുന്നതായാണ് വിലയിരുത്തൽ.