രാഹുൽ വിവാദം: പെൺകുട്ടിക്ക് ഐക്യദാർഢ്യവുമായി റിനി
Tuesday, September 2, 2025 1:23 AM IST
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായി ആരോപണം ഉന്നയിച്ച പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യവുമായി റിനി ആന്‍ ജോര്‍ജ്. പെണ്‍കുട്ടിയോട് പുറത്തുവരാനും ഉണ്ടായ വേദനകള്‍ തുറന്നുപറയാനും സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ റിനി ആവശ്യപ്പെട്ടു.
കരയേണ്ടതും ഒറ്റപ്പെടേണ്ടതും നീയല്ല. വേട്ടക്കാരനാണ്. വേട്ടപ്പട്ടികള്‍ കുരയ്ക്കുന്നത് നീ കാര്യമാക്കേണ്ടെന്നും നിനക്കൊപ്പം കേരളത്തിന്റെ മനഃസാക്ഷിയുണ്ടെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ റിനി പറഞ്ഞു. നീ ശക്തിയാണ്, നീ അഗ്നിയാണെന്നുമുള്ള വാചകങ്ങളോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.
രാഹുലിനെതിരേ ഉയര്‍ന്ന ഗര്‍ഭഛിദ്ര ആരോപണം വ്യാജമാണെന്നുള്ള വാദങ്ങള്‍ക്കിടെ അതിജീവിതയെ താന്‍ കണ്ടുവെന്നും അവള് കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്നും മാധ്യമ പ്രവര്‍ത്തക വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് റിനിയുടെ കുറിപ്പ്.
ജനപ്രതിനിധിയായ യുവനേതാവില്നിന്നു മോശം അനുഭവം നേരിട്ടെന്ന് അഭിമുഖത്തില്‍ റിനി വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരേ ആരോപണവുമായി നിരവധി പേര് രംഗത്തെത്തിയിരുന്നു.
ഗര്‍ഭഛിദ്രത്തിന് യുവതിയെ രാഹുല്‍ നിര്‍ബന്ധിക്കുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതടക്കമുള്ള ശബ്ദസന്ദേശങ്ങളും തുടര്‍ന്ന് പുറത്തുവന്നിരുന്നു.