ആംബുലൻസ് അഴിമതി; സർക്കാർ പ്രതികരിക്കാത്തത് കുറ്റസമ്മതം: രമേശ് ചെന്നിത്തല
Tuesday, September 2, 2025 1:23 AM IST
തിരുവനന്തപുരം: കനിവ് ആംബുലൻസ് സർവീസ് കരാറുമായി ബന്ധപ്പെട്ടു പുറത്തു വന്ന 250 കോടി രൂപയുടെ കമ്മീഷൻ ഇടപാടിൽ ഇതുവരെ യാതൊരു പ്രതികരണവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവാത്തത് പച്ചയായ കുറ്റസമ്മതമായി കണക്കാക്കാവുന്നതാണെന്നും കമ്മീഷൻ കിട്ടാത്ത ഒരു ഇടപാടും നടത്താത്ത സർക്കാരായി പിണറായി വിജയൻ മാറിയിരിക്കുകയാണെന്നും കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ സാധാരണക്കാരന്റെ നികുതിപ്പണത്തിൽ നിന്നാണ് 250 കോടി കമ്മീഷൻ വാങ്ങിയത്. ഇതുകൂടാതെ ഒന്നേകാൽ വർഷം അനധികൃതമായി കരാർ നീട്ടിക്കൊടുക്കുകയും പുതിയ ടെൻഡറിൽ ബ്ളാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട കന്പനിയെ സാങ്കേതിക ബിഡ് റൗണ്ടിൽ കടത്തിവിട്ടിരിക്കുകയുമാണ്. അതേസമയം തന്നെ ആരോഗ്യമേഖല ആകെ സ്തംഭിച്ചിരിക്കുകയാണെന്നും നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.