എഥനോൾ കലർന്ന പെട്രോൾ; ഹർജി സുപ്രീംകോടതി തള്ളി
Tuesday, September 2, 2025 1:29 AM IST
ന്യൂഡൽഹി: വാഹനങ്ങളിൽ 20 ശതമാനം എഥനോൾ കലർന്ന പെട്രോൾ ഉപയോഗിക്കുന്നതു നിർബന്ധമാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരായ പൊതുതാത്പര്യ ഹർജി സുപ്രീംകോടതി തള്ളി.
ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണു ഹർജി തള്ളിയത്. രാജ്യത്തെ ദശലക്ഷക്കണക്കിനു വാഹന ഉടമകൾ തങ്ങളുടെ വാഹനങ്ങൾക്കു യോജിക്കാത്ത ഇന്ധനം ഉപയോഗിക്കാൻ കേന്ദ്രസർക്കാരിന്റെ തീരുമാനംമൂലം നിർബന്ധിതരായെന്നു ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകനായ അക്ഷയ് മൽഹോത്ര സുപ്രീംകോടതിയെ സമീപിച്ചത്.
എന്നാൽ, ഹർജിക്കു പിന്നിൽ വലിയൊരു ലോബിയുണ്ടെന്നും എല്ലാ വശങ്ങളും പരിഗണിച്ചശേഷം മാത്രമാണു നയം രൂപീകരിച്ചതെന്നുമാണ് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി ഹർജിയെ എതിർത്തുകൊണ്ട് കോടതിയിൽ വ്യക്തമാക്കിയത്.
ഏതുതരത്തിലുള്ള ഇന്ധനമാണ് ഇന്ത്യയിൽ ഉപയോഗിക്കേണ്ടതെന്നു രാജ്യത്തിന് പുറത്തുനിന്നുള്ളവർ നിർദേശിക്കണ്ട ആവശ്യമില്ലെന്നും അറ്റോർണി ജനറൽ പറഞ്ഞു.
എഥനോൾ കലർന്ന പെട്രോൾ ഉപയോഗിക്കുന്നത് പഴയ വാഹനങ്ങളുടെ കാര്യക്ഷമതയെ ബാധിക്കുമെന്നും അതിനാൽ ഏതുതരം പെട്രോൾ ഉപയോഗിക്കണമെന്ന തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ഉപഭോക്താവിനു നൽകണമെന്നുമാണ് ഹർജിക്കാർ കോടതിയിൽ ആവശ്യപ്പെട്ടത്.
20 ശതമാനം എഥനോൾ കലർന്ന പെട്രോൾ രാജ്യവ്യാപകമായി നിർബന്ധമാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെയാണു ഹർജിക്കാർ എതിർത്തത്. മിക്ക പന്പുകളിലും എഥനോൾ അടങ്ങിയ പെട്രോൾ മാത്രമാണു ലഭ്യമാകുന്നത്.
2023ന് മുന്പുള്ള മിക്ക വാഹനങ്ങളിലും ഈ മിശ്രിതം ഉപയോഗിച്ചാൽ കേടുപാടുകൾക്ക് കാരണമാകും. അതിനാൽ എഥനോൾ കലർത്താത്ത പെട്രോൾ പന്പുകളിൽ ലഭ്യമാക്കുന്നതിന് നിർദേശിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.
എന്നാൽ, ഇരുകൂട്ടരുടെയും വാദം കേട്ടശേഷം കോടതി ഹർജി തള്ളുകയായിരുന്നു. അശാസ്ത്രീയ കണ്ടുപിടിത്തമാണു ഹർജിക്കാർ ഉന്നയിക്കുന്നതെന്ന് കേന്ദ്രസർക്കാർ നേരത്തേ ആരോപിച്ചിരുന്നു.