വോട്ടവകാശ യാത്ര: അലകടലായി ജനങ്ങൾ
Tuesday, September 2, 2025 1:29 AM IST
പാറ്റ്ന: രാഹുൽഗാന്ധി നയിച്ച വോട്ടവകാശ യാത്രയുടെ പാറ്റ്നയിലെ സമാപനറാലി ആവേശക്കടലായി, ആവേശമായി ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. റാലിക്കെത്തിയ ഓരോ പ്രവർത്തകനും പതിവിനു വിപരീതമായി അത്യാവേശത്തിൽ മുദ്രാവാക്യങ്ങൾ വിളിച്ചും കൊടികളുയർത്തിയും പങ്കെടുത്തുവെന്നത് യാത്രയുടെ വിജയസൂചനയായി.
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും അടക്കമുള്ള നേതാക്കൾ രാവിലെ 11 ഓടെ പാറ്റ്നയിലെ ഗാന്ധി മൈതാനത്ത് മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണു സമാപനറാലി തുടങ്ങിയത്.
പിന്നീട് ഖാർഗെയും രാഹുലും തുറന്ന വാഹനത്തിലാണു സമാപനസമ്മേളന വേദിയിലേക്കു പോയത്. കെ.സി. വേണുഗോപാൽ അടക്കമുള്ള നേതാക്കളും രാഹുലിനെ അനുഗമിച്ചു. പാറ്റ്നയിലെ കൊടുംചൂടിനെ അവഗണിച്ച് റോഡിനിരുവശവും നിന്നിരുന്ന നൂറുകണക്കിനാളുകൾ രാഹുലിനെ അഭിവാദ്യം ചെയ്തു.
ബിഹാറിലെ 38ൽ 25 ജില്ലകളിലൂടെ 1,300 കിലോമീറ്റർ സഞ്ചരിച്ചാണു രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്ര ഇന്നലെ പാറ്റ്നയിൽ സമാപിച്ചത്. 110 നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോയ യാത്രയ്ക്കു പ്രതീക്ഷിച്ചതിലേറെ വലിയ ജനപിന്തുണ ലഭിച്ചതായി കോണ്ഗ്രസ് ചൂണ്ടിക്കാട്ടി.
ഓഗസ്റ്റ് 17ന് സസാറാമിൽനിന്നാണു രാഹുൽ യാത്ര തുടങ്ങിയത്. ബിഹാറിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്ഐആർ) വഴി ജനങ്ങളുടെ വോട്ടവകാശം കവരുന്നതിൽ പ്രതിഷേധിച്ചാണു വോട്ടവകാശ യാത്ര നടത്തിയത്.
റാലി പോലീസ് തടഞ്ഞു
ഗാന്ധിയിൽനിന്ന് അംബേദ്കറിലേക്ക് (ഗാന്ധി സേ അംബേദ്കർ) എന്നുപേരിട്ട വോട്ടവകാശ യാത്രയുടെ സമാപന മാർച്ച് പാറ്റ്ന നഗരത്തിലെ ഡാക് ബംഗ്ലാവ് ക്രോസിംഗിൽ പോലീസ് തടഞ്ഞു. ഇതേത്തുടർന്ന് ട്രക്കിനു മുകളിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ നിന്നാണു രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഹേമന്ത് സോറനും തേജസ്വി യാദവും എം.എ. ബേബിയും അടക്കമുള്ള നേതാക്കൾ പ്രസംഗിച്ചത്.
അംബേദ്കർ പാർക്കിൽ സമാപനസമ്മേളനം നടത്താതിരിക്കാനാണു സമാപനറാലി വഴിയിൽ തടഞ്ഞതെന്ന് കോണ്ഗ്രസ് അധ്യക്ഷൻ ഖാർഗെ പറഞ്ഞു. വോട്ട് അധികാർ യാത്രയെ തടസപ്പെടുത്താൻ ഇതടക്കം സർക്കാരും പോലീസും നടത്തിയ ശ്രമങ്ങൾ ജനാധിപത്യത്തിന് അപമാനകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മോദി അനുകൂല മാധ്യമങ്ങൾ യാത്രയുടെ വാർത്തകൾ വേണ്ടത്ര പ്രാധാന്യത്തോടെ നൽകാതെ മുക്കിയാലും രാജ്യത്തെ ജനം യാത്രയെ ഏറ്റെടുത്തുവെന്ന് കെ.സി. വേണുഗോപാൽ അഭിപ്രായപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ രാഹുൽ തരംഗമായെന്നും അദ്ദേഹം പറഞ്ഞു.