വോട്ടുകൊള്ളയുടെ ഹൈഡ്രജൻ ബോംബ് ഉടൻ: രാഹുൽ
Tuesday, September 2, 2025 1:29 AM IST
പാറ്റ്നയിൽനിന്ന് ജോർജ് കള്ളിവയലിൽ
വോട്ടുകൊള്ള സത്യമാണെന്നും ഇതേക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുടെ ഹൈഡ്രജൻ ബോംബ് ഉടൻ പുറത്തിറക്കുമെന്നും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.
ഇതുവരെയുള്ള വെളിപ്പെടുത്തലുകൾ ആറ്റംബോംബ് ആയിരുന്നെങ്കിൽ അതിലും വിനാശകരമായ ഹൈഡ്രജൻ ബോംബാണു കോണ്ഗ്രസ് പുറത്തുവിടുന്നത്. ഇതു വരുന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുഖം കാണിക്കാൻ കഴിയില്ലെന്നും ബിഹാറിലെ വോട്ട് അധികാർ യാത്രയുടെ സമാപന സമ്മേളനത്തിൽ രാഹുൽ പറഞ്ഞു.
ഭരണഘടനയെ ഇല്ലാതാക്കാൻ ബിജെപിയെ അനുവദിക്കില്ല. അതുകൊണ്ടാണ് വോട്ട് അധികാർ യാത്ര നടത്തിയത്. യാത്രയ്ക്കു ജനങ്ങളിൽനിന്ന് വലിയ പ്രതികരണമാണു ലഭിച്ചത്. ആളുകൾ വൻതോതിൽ പുറത്തിറങ്ങി. വോട്ട് കള്ളൻ, കസേര വിടൂ (വോട്ട് ചോർ ഗഡ്ഡി ചോർ) എന്ന മുദ്രാവാക്യം ഉയർത്തി. ഇന്ത്യയുടെ ചരിത്രം മാറ്റിമറിച്ച വിപ്ലവകരമായ സംസ്ഥാനമാണു ബിഹാർ. അഭൂതപൂർവമായ ജനപങ്കാളിത്തത്തിലൂടെ ബിഹാർ രാജ്യത്തിനൊരു സന്ദേശം നൽകിയിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടുകൾ മോഷ്ടിക്കപ്പെട്ടു. തുടർന്ന് കർണാടകയിലെ ബംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിൽപ്പെട്ട മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ വോട്ടുകൊള്ള എങ്ങനെ നടന്നുവെന്ന് തെളിവുകൾ സഹിതം കോണ്ഗ്രസ് കാണിച്ചു.
വോട്ടുകൊള്ളയെന്നാൽ അവകാശങ്ങളുടെയും ജനാധിപത്യത്തിന്റെയും തൊഴിലിന്റെയും കൊള്ളയാണ്. നിങ്ങളുടെ റേഷൻ കാർഡും മറ്റ് അവകാശങ്ങളും അവർ എടുത്തുകളയുമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
കോണ്ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ആർജെഡി നേതാവ് തേജസ്വി യാദവ്, വികാസ്ശീൽ ഇൻസാൻ പാർട്ടി മേധാവി മുകേഷ് സഹാനി, സിപിഐ-എംഎൽ ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സിപിഐ നേതാവ് ആനി രാജ, ടിഎംസി എംപി യൂസഫ് പഠാൻ, ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് തുടങ്ങിയ ഇന്ത്യാ സഖ്യം നേതാക്കൾ വോട്ട് അധികാർ യാത്രയുടെ സമാപന സമ്മേളനത്തിൽ പ്രസംഗിച്ചു. കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ഗൗരവ് ഗൊഗോയ്, ഡി. രാജ തുടങ്ങി നിരവധി പ്രമുഖ നേതാക്കളും ഇന്നലെ പാറ്റ്നയിലെത്തി യാത്രയ്ക്ക് ശക്തി പകർന്നു.