അധ്യാപക നിയമനത്തിന് ടെറ്റ് നിർബന്ധം: സുപ്രീംകോടതി
Tuesday, September 2, 2025 1:29 AM IST
ന്യൂഡൽഹി: വിരമിക്കൽ പ്രായം അഞ്ചു വർഷത്തിൽ കൂടുതലുള്ള അധ്യാപകർക്ക് സർവീസിൽ തുടരുന്നതിനോ പ്രമോഷൻ നേടുന്നതിനോ രണ്ടു വർഷത്തിനുള്ളിൽ അധ്യാപകയോഗ്യത പരീക്ഷയായ ടെറ്റ് (ടിഇടി) പാസാകണമെന്നു സുപ്രീംകോടതി.
വിരമിക്കൽ പ്രായം അഞ്ചോ അതിൽ താഴെയോ ഉള്ള അധ്യാപകർക്ക് ഇതു ബാധകമല്ലെന്നും ജസ്റ്റീസുമാരായ ദീപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരുടെ ബെഞ്ച് വിധിച്ചു. എന്നാൽ ഇക്കൂട്ടർക്ക് പ്രമോഷൻ നേടണമെങ്കിൽ ടെറ്റ് പാസാക്കണം.
അതേസമയം, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ടെറ്റ് നിർബന്ധമാക്കാൻ സംസ്ഥാനത്തിന് അധികാരമുണ്ടോ എന്നതും അത് അവരുടെ അവകാശങ്ങളെ എങ്ങനെ ബാധിക്കുമെന്നുമുള്ള വിഷയം രണ്ടംഗ ബെഞ്ച് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. ഇക്കാര്യത്തിൽ വിശാല ബെഞ്ച് തീരുമാനമെടുക്കുന്നതുവരെ ന്യൂനപക്ഷസ്ഥാപനങ്ങളിലെ അധ്യാപകർക്ക് ഇളവ് നൽകി.
2011 ജൂലൈ 29ന് മുന്പ് നിയമിതരായ അധ്യാപകർക്കു സ്ഥാനക്കയറ്റത്തിന് ടെറ്റ് യോഗ്യത നേടേണ്ടതുണ്ടോ, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപങ്ങളിൽ അധ്യാപകർ ടെറ്റ് പാസാകണമെന്ന് വിദ്യാഭ്യാസവകുപ്പുകൾക്ക് നിർബന്ധം പിടിക്കാൻ സാധിക്കുമോ എന്നതുൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ഒരുകൂട്ടം ഹർജികളിലാണ് കോടതി ഉത്തരവ്. 2011 ജൂലൈ 29 നാണ് അധ്യാപകനിയമനത്തിനു ടെറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള വിജ്ഞാപനം നാഷണൽ കൗണ്സിൽ ഫോർ ടീച്ചർ എഡ്യുക്കേഷൻ പുറത്തിറക്കിയത്.
നിയമം പ്രാബല്യത്തിൽ വരുന്നതിനുമുന്പ് ജോലിയിൽ പ്രവേശിക്കുകയും വിരമിക്കാൻ അഞ്ചു വർഷത്തിൽ കൂടുതൽ സർവീസുമുള്ള അധ്യാപകർ സേവനത്തിൽ തുടരുന്നതിനും സ്ഥാനക്കയറ്റത്തിനും രണ്ടു വർഷത്തിനുള്ളിൽ ടെറ്റ് യോഗ്യത നേടാൻ ബാധ്യസ്ഥരാണ്. അനുവദിച്ച സമയത്തിനുള്ളിൽ യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടാൽ അവർ ആനുകൂല്യങ്ങളോടുകൂടിയ നിർബന്ധിത രാജിക്ക് അപേക്ഷ നൽകണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
ന്യൂനപക്ഷ സ്ഥാപനങ്ങൾക്കു കീഴിലുള്ള എയ്ഡഡ്/ അണ് എയ്ഡഡ് സ്കൂളുകൾക്ക് 2009ലെ വിദ്യാഭ്യാസ അവകാശ നിയമം ബാധകമാണെ ന്നും കോടതി ഉത്തരവിൽ അഭിപ്രായപ്പെട്ടു.
ന്യൂനപക്ഷ സ്ഥാപങ്ങളിൽ ഇതു നടപ്പാക്കുന്നത് ഭരണഘടന നൽകുന്ന ന്യൂനപക്ഷങ്ങൾക്കുള്ള ആർട്ടിക്കിൾ 30 (1) ന്റെ സ്വഭാവത്തെ ഇല്ലാതാക്കുന്നില്ലെന്നും കോടതി ഉത്തരവിൽ അഭിപ്രായപ്പെട്ടു.