സിംലയില്‍ കനത്ത മഴ, മണ്ണിടിച്ചിൽ; അഞ്ച് മരണം
Tuesday, September 2, 2025 1:29 AM IST
സിംല: കനത്ത മഴയെത്തുടര്‍ന്ന് സിംലയില്‍ രണ്ട് വ്യത്യസ്ത മണ്ണിടിച്ചിലുകളിലായി അഞ്ച് പേര് മരിച്ചു. 35 വയസുള്ള യുവാവും മകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഷിംല-കല്‍ക്ക പാതയിലൂടെ ഓടുന്ന ആറ് ട്രെയിനുകള്‍ റദ്ദാക്കി. സംസ്ഥാനത്ത് 793 റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. ആറു വരെ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്കി.
ഞായറാഴ്ച വൈകുന്നേരം മുതല്‍ 115.8 മില്ലിമീറ്റര്‍ മഴ ലഭിച്ച സിംല ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. സംസ്ഥാന തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ജലവിതരണം തടസപ്പെട്ടു. ഇന്നലെ രാവിലെ മന്സാറിനടുത്ത് വലിയ മല ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് ചണ്ഡിഗഡ്-മണാലി ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു.