പുതിയ ലോകക്രമത്തിന് ആഹ്വാനം ചെയ്ത് ഷി, പുടിൻ
Tuesday, September 2, 2025 2:09 AM IST
ടിയാന്‍ജിൻ: സുരക്ഷാ, സാന്പത്തിക കാര്യങ്ങളിൽ ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക രാജ്യങ്ങൾക്കു (ഗ്ലോബൽ സൗത്ത്) മുൻഗണനയുള്ള പുതിയ ലോകക്രമം വേണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഷാംഗ്ഹായ് സഹകരണ സമിതി (എസ്സിഒ) ഉച്ചകോടിയിൽ നിർദേശിച്ചു.
അധികാര രാഷ്ട്രീയത്തിനും ആധിപത്യങ്ങൾക്കും എതിരേയുള്ള ശക്തമായ നിലപാടുകൾ എസ്സിഒ തുടരണമെന്ന്, അമേരിക്ക നേതൃത്വം നല്കുന്ന ലോകക്രമത്തെ ഉദ്ദേശിച്ച് ഷി പറഞ്ഞു.
ഡോളർ അടിസ്ഥാനമാക്കിയുള്ള പണമിടപാട് സംവിധാനങ്ങൾക്കു ബദൽ സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ആദ്യപടിയെന്നോണം എസ്സിഒ ഡെവലപ്മെന്റ് ബാങ്ക് രൂപവത്കരിക്കണം.
ചൈന ഈ വർഷം എസ്സിഒ അംഗരാജ്യങ്ങൾക്ക് 200 കോടി യുവാന്റെ (28 കോടി ഡോളർ) സഹായം സൗജന്യമായി നല്‍കും. എസ്സിഒ ബാങ്കിംഗ് കൺസോർഷ്യത്തിന് വായ്പയായി 1,000 കോടി യുവാനും (140 കോടി ഡോളർ) നല്‍കും.
എസ്സിഒ രാജ്യങ്ങൾക്കായി ചൈന നിർമിതബുദ്ധി ഇന്റലിജൻസ് കോ-ഓപ്പറേഷൻ സെന്റർ നിർമിക്കും. ചൈനയുടെ ചാന്ദ്ര ഗവേഷണ സ്റ്റേഷൻ ദൗത്യത്തിൽ പങ്കാളിയാകാൻ അംഗരാജ്യങ്ങളെ ക്ഷണിക്കുന്നതായും ഷി അറിയിച്ചു.
ബഹുധ്രുവ ലോകക്രമത്തിന്റെ പുനരുജ്ജീവനമാണ് എസ്സിഒയിൽ കാണുന്നതെന്ന് പുടിൻ അഭിപ്രായപ്പെട്ടു. അംഗ രാഷ്ട്രങ്ങൾ തമ്മിലുള്ള ഇടപാടുകൾക്ക് ഡോളറിനു പകരം ദേശീയ കറൻസികൾ ഉപയോഗിക്കുന്നത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.