സൗഹൃദയാത്ര, ഗൗരവചർച്ച
Tuesday, September 2, 2025 1:22 AM IST
ബെയ്ജിംഗ്: എസ്സിഒ ഉച്ചകോടിക്കിടെ ഉഭയകക്ഷി ചർച്ചയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിർ പുടിനും യാത്ര ചെയ്തത് ഒരേ വാഹനത്തില്‍.
റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനെതിരേ ഇന്ത്യക്കുമേല്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച അധിക തീരുവയുടെ ഭീഷണിക്കിടെ നടന്ന സൗഹൃദയാത്ര യുഎസിനുള്ള വ്യക്തമായ സൂചനയായി കണക്കാക്കപ്പെടുന്നു.
മോദിയും പുടിനും തമ്മിലുള്ള ഏറ്റവും സുപ്രധാനമായ ചർച്ചയാണിതെന്നാണു വിവരം. മറ്റുള്ളവരുടെ ചെവിയിലെത്തേണ്ടാത്ത വിവരങ്ങളാണ് ഇരുവരും പങ്കിട്ടതെന്നും വിലയിരുത്തപ്പെടുന്നു.
ഉച്ചകോടി നടക്കുന്ന വേദിയിൽനിന്ന് ഏറെയകലെയുള്ള റിറ്റ്സ്കാള്‍ട്ടണ്‍ ഹോട്ടലിലായിരുന്നു ഉഭയകക്ഷി ചര്‍ച്ച. സ്വന്തം വാഹനമായ ഓറസ് സെനറ്റിൽ മോദിക്കൊപ്പമുള്ള യാത്ര പുടിനാണു നിർദേശിച്ചത്. ഇതിനായി പത്തു മിനിറ്റോളം റഷ്യൻ പ്രസിഡന്റ് കാത്തിരിക്കുകയും ചെയ്തു. സുരക്ഷയും സുഖസൗകര്യങ്ങളും ഒരുപോലെയുള്ള ഓറസ് സെനറ്റ് റഷ്യൻ റോൾസ് റോയ്സ് എന്ന പേരിലാണ് അറിയപ്പെടുന്നത്.
യാത്രയിൽ ഇരുനേതാക്കളും സംഭാഷണം തുടർന്നു. സമ്മേളനവേദിയായ ഹോട്ടലിൽ എത്തിയെങ്കിലും ഇരുനേതാക്കളും ഉടൻ പുറത്തിറങ്ങിയില്ല. ആശയവിനിമയം 50 മിനിറ്റ് നീണ്ടുനിന്നുവെന്ന് റഷ്യൻ ദേശീയ റേഡിയോ വെസ്റ്റി എഫ്എം റിപ്പോർട്ട് ചെയ്തു.
കാറിൽ മോദി-പുടിൻ സംഭാഷണം ഒരു മണിക്കൂറോളം നീണ്ടതായി റഷ്യൻ വക്താവ് ദിമിത്രി പെഷ്കോവും സ്ഥിരീകരിച്ചു. പുടിനുമൊത്തുള്ള യാത്രയുടെ ചിത്രം പ്രധാനമന്ത്രി മോദി സമൂഹമാധ്യമ അക്കൗണ്ടിലും പരസ്യപ്പെടുത്തി.