""ഭീകരവിരുദ്ധ പോരാട്ടം മാനവികതയോടുള്ള ഉത്തരവാദിത്വം''; എസ്സിഒ ഉച്ചകോടിയിൽ മോദി
Tuesday, September 2, 2025 1:22 AM IST
ടിയാൻജിൻ: പഹൽഗാം ഭീകരാക്രമണം ഇന്ത്യൻ മനഃസാക്ഷിക്കുനേരേയുള്ള ആക്രമണം മാത്രമായിരുന്നില്ല; മാനവികതയിൽ വിശ്വസിക്കുന്ന ഓരോ രാജ്യങ്ങൾക്കുമെതിരേയുള്ള തുറന്ന വെല്ലുവിളിയുമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയെ നേരിടുന്നതിൽ ഇരട്ടനിലപാട് ഒഴിവാക്കണമെന്നും അദ്ദേഹം ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു.
ഷാങ്ഹായി കോർപറേഷൻ ഓർഗൈനൈസേഷൻ (എസ്സിഒ) ഉച്ചകോടിയിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ മുന്നിലിരുത്തിയായിരുന്നു പ്രധാനമന്ത്രിയുടെ ഉറച്ച വാക്കുകൾ. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് ഉൾപ്പെടെ ഒട്ടേറെ ലോകനേതാക്കളും കേൾവിക്കാരായി ഉണ്ടായിരുന്നു.
ചില രാജ്യങ്ങൾ തീവ്രവാദികളെ പരസ്യമായി പിന്തുണയ്ക്കുന്നത് അംഗീകരിക്കാനാകുമോയെന്ന ചോദ്യം ഉയരുക സ്വഭാവികമാണെന്നു പാക്കിസ്ഥാനെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യങ്ങളുടെ പരമാധികാരത്തെ മറികടക്കുന്ന രീതിയിലുള്ള നിർമാണപദ്ധതികൾ വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്ന് ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആർഐ) പദ്ധതിയെ ഉദ്ദേശിച്ച് പ്രധാനമന്ത്രി പറഞ്ഞു. പദ്ധതിയുടെ ഒരുഭാഗം പാക് അധിനിവേശ കാഷ്മീരിലൂടെയാണെന്നതാണ് ഇന്ത്യയുടെ ആശങ്കയ്ക്കു കാരണം.
അതേസമയം, ഉച്ചകോടിയിൽ ഭീകരവിരുദ്ധതയിലൂന്നിയായിരുന്നു പ്രധാനമന്ത്രി സംസാരിച്ചത്. എല്ലാത്തരം ഭീകരതയെയും എതിർക്കണമെന്നും ഇതിൽ ഇരട്ടനിലപാട് പാടില്ലെന്നും മോദി ലോകനേതാക്കളെ ഓർമിപ്പിച്ചു. ഏതെങ്കിലുമൊരു രാജ്യമോ സമൂഹമോ പൗരനോ ഭീകരതയിൽനിന്ന് പൂർണസുരക്ഷിതമാണെന്ന് ഒരുഘട്ടത്തിലും കരുതാനാകില്ല.
ദയാരഹിതമായ ഭീകരതയുടെ മുറിവുകളാണ് നാലു പതിറ്റാണ്ടായി ഇന്ത്യ ഏറ്റുവാങ്ങുന്നത്. എണ്ണമറ്റ അമ്മമാർക്കാണ് അവരുടെ കുട്ടികളെ നഷ്ടമായത്. എണ്ണിയാലൊടുങ്ങാത്തത്ര കുട്ടികൾ അനാഥരായി. ഭീകരതയുടെ ഏറ്റവും വൃത്തികെട്ട മുഖം അടുത്തിടെ നമ്മൾ പഹൽഗാമിൽ കണ്ടു. സങ്കടനിമിഷങ്ങളിൽ ഇന്ത്യക്കൊപ്പം നിന്ന രാജ്യങ്ങൾക്കു നന്ദിയറിയിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.