""വിഷമസന്ധിയിൽ ഒന്നിച്ച ചരിത്രം''; പുടിനുമായുള്ള കൂടിക്കാഴ്ചയിൽ മോദി
Tuesday, September 2, 2025 1:22 AM IST
ടിയാൻജിൻ (ചൈന): വിഷമസന്ധികളിലെല്ലാം ഇന്ത്യയും ചൈനയും തോളോടുതോൾ ചേർന്നുനിന്നിരുന്നുവെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനോടു പ്രധാനമന്ത്രി നരേന്ദ്രമോദി.
ഇന്ത്യ-യുഎസ് ബന്ധം രണ്ടു ദശകത്തിനിടയിലെ വലിയ വെല്ലുവിളികളെ നേരിടുന്ന ഘട്ടത്തിലാണു പരാമർശം.
ചൈനീസ് നഗരമായ ടിയാൻജിനിൽ ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) ഉച്ചകോടിക്കിടെ സാന്പത്തിക, ഊർജ മേഖലയിൽ ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുക ലക്ഷ്യമിട്ടാണ് ഇരുനേതാക്കളും ചർച്ച നടത്തിയത്. യുക്രെയ്ൻ സംഘർഷം ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചാവിഷയമായി.
യുക്രെയ്നിൽ സമാധാനം കൊണ്ടുവരുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുകയാണെന്ന് കൂടിക്കാഴ്ചയിൽ മോദി അറിയിച്ചു. ശത്രുത എത്രയുംവേഗം അവസാനിപ്പിക്കാനുള്ള വഴി കണ്ടെത്തണമെന്നാണ് മാനവികത ആവശ്യപ്പെടുന്നത്. യുക്രെയ്നിലെ സംഘർഷങ്ങളെക്കുറിച്ച് പതിവായി ചർച്ചചെയ്യുന്നുണ്ട്.
ക്രിയാത്മകമായി എല്ലാവരും മുന്നോട്ടു പോകുമെന്നാണു പ്രതീക്ഷ. സംഘര്‍ഷം അവസാനിപ്പിക്കാനും ശാശ്വത സമാധാനം കൊണ്ടുവരുന്നതിനും വഴി കണ്ടെത്തണം. മുഴുവന്‍ മനുഷ്യരാശിയുടെയും ആഗ്രഹം ഇതാണ്- മോദി കൂട്ടിച്ചേർത്തു.
യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുമായി മോദി ശനിയാഴ്ച ഫോണിൽ സംസാരിച്ചതിനെക്കുറിച്ച് ഇന്ത്യൻ സംഘം റഷ്യൻ പ്രസിഡന്റിനെ ധരിപ്പിച്ചു. സ്ഥിതിഗതികളെക്കുറിച്ച് റഷ്യയെ ധരിപ്പിക്കാൻ ഇന്ത്യ സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ടെന്ന് ടെലിഫോൺ സംഭാഷണത്തിനുശേഷം സെലൻസ്കിയും വ്യക്തമാക്കി.