ഓച്ചിറയിൽ കെഎസ്ആര്‍ടിസിയും ഥാറും കൂട്ടിയിടിച്ചു പിതാവും രണ്ടു മക്കളും മരിച്ചു
Friday, September 5, 2025 7:10 AM IST
കരുനാഗപ്പള്ളി: ഓച്ചിറ വലിയകുളങ്ങരയില്‍ ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചർ ബസും ഥാർ എസ്യുവിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം. ഥാർ യാത്രക്കാരായ തേവലക്കര പടിഞ്ഞാറ്റിന്‍കര പൈപ്പ്മുക്ക് പ്രിന്‍സ് വില്ലയില്‍ പ്രിന്‍സ് തോമസ് (44), മക്കളായ അല്‍ക്ക (5), അതുല്‍ (14) എന്നിവരാണ് മരിച്ചത്. ഇവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.
പ്രിന്‍സിന്റെ ഭാര്യ ബിന്ദ്യ, മകൾ ഐശ്വര്യ എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഐശ്വര്യയുടെ നില അതീവഗുരുതരമാണ്. ഇടിയുടെ ആഘാതത്തില്‍ ഥാർ പൂര്‍ണമായും തകര്‍ന്നു. കല്ലേലിഭാഗം കൈരളി ഫിനാൻസ് ഉടമയാണ് പ്രിൻസ്.
വലിയകുളങ്ങര ക്ഷേത്രത്തിനുസമീപം ഇന്നലെ രാവിലെ 6.10 ഓടെയായിരുന്നു അപകടം. കരുനാഗപ്പള്ളിയില്‍നിന്ന് ചേര്‍ത്തലയിലേക്കു വരികയായിരുന്ന കെഎസ്ആര്‍ടിസി ബസും എതിര്‍ഭാഗത്ത് നിന്ന് വരികയായിരുന്ന ഥാറുമാണ് കൂട്ടിയിടിച്ചത്. ബസിലെ ഡ്രൈവർ എൻ. അനസ്, കണ്ടക്ടർ ചന്ദ്രലേഖ എന്നിവരുൾപ്പെടെ പതിനാറു പേർക്കും അപകത്തിൽ പരിക്കേറ്റു. ഇവരെ ഓച്ചിറയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
യുഎസിലേക്കു പോയ സൂസന്റെ സഹോദരന്റെ മകനെ നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രയാക്കി മടങ്ങി വരികയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. അഞ്ചുപേരായായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. തേവലക്കര വീട്ടിലേക്ക് എത്താന്‍ പത്തുമിനിറ്റ് മാത്രം ബാക്കി ഉള്ളപ്പോഴായിരുന്നു അപകടം. മരിച്ച അതുല്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയും അല്‍ക്ക എല്‍കെജി വിദ്യാര്‍ഥിയുമാണ്. പരിക്കേറ്റ ഐശ്വര്യ പ്ലസ്ടു വിദ്യാര്‍ഥിയാണ്. ഇടിയുടെ ആഘാതത്തില്‍ വാഹനം പൂർണമായും തകര്‍ന്നു. ബസിന്റെ മുൻവശവും തകർന്നനിലയിലാണ്.