ആദിവാസിയുവാവ് വെട്ടേറ്റുമരിച്ചു
Friday, September 5, 2025 6:44 AM IST
അഗളി: അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ ആനക്കൽ ഉന്നതിയിൽ ആദിവാസിയുവാവ് വെട്ടേറ്റു മരിച്ചു. പുതൂർ ഉന്നതിയിലെ കാടൻ-പൊളിച്ച ദമ്പതികളുടെ മകൻ മണികണ്ഠൻ (26) ആണു കൊല്ലപ്പെട്ടത്. പ്രതിയെന്നു സംശയിക്കുന്ന ആനക്കൽ ഉന്നതിയിലെ ഈശ്വരൻ (35) ഓടിരക്ഷപ്പെട്ടു.
ഇന്നലെ ഉച്ചയ്ക്ക് 12.15 ഓടെ ആനക്കൽ ഉന്നതിയിൽ ഓണാഘോഷം നടക്കുന്നതിനിടെയുണ്ടായ തർക്കത്തെത്തുടർന്നായിരുന്നു ആക്രമണം. കഴുത്തിൽ വെട്ടേറ്റ മണികണ്ഠൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. ആനക്കൽ ഉന്നതിയിൽനിന്ന് ഒരു കിലോമീറ്റർ മാറി റാമൻ ഉന്നതിയിലായിരുന്നു മണികണ്ഠൻ താമസിച്ചിരുന്നത്. ഭാര്യ വള്ളി.
പ്രതിക്കായി ഊർജിത അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഫോറൻസിക് വിഭാഗം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ എത്തിച്ച മൃതദേഹം പിന്നീട് അഗളി സർക്കാർ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഇന്നു പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും.