അധ്യാപകദിനം കഴിഞ്ഞിട്ടും അവാർഡില്ല
Sunday, September 7, 2025 1:35 AM IST
പത്തനംതിട്ട: ദേശീയ അധ്യാപകദിനം കഴിഞ്ഞിട്ടും ഇക്കുറി അവാർഡുകൾ പ്രഖ്യാപിച്ചില്ല. പ്രൈമറി മുതൽ ഹയർ സെക്കൻഡറി തലം വരെ മികച്ച അധ്യാപകർക്ക് വർഷങ്ങളായി സംസ്ഥാന സർക്കാർ നൽകിവരുന്ന അവാർഡ് ദേശീയ അധ്യാപകദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപിക്കുന്നത്.
ഇക്കൊല്ലം പ്രഖ്യാപിക്കുന്ന അവാർഡ് അടുത്തവർഷമാണ് നൽകാറുള്ളതെങ്കിലും അധ്യാപകദിനത്തോടനുബന്ധിച്ച് അവാർഡ് പ്രഖ്യാപിക്കുന്ന രീതിയാണ് നിലവിലുള്ളത്. കഴിഞ്ഞവർഷം പ്രഖ്യാപിച്ച അവാർഡുകളുടെ വിതരണം പത്തിന് ഉച്ചകഴിഞ്ഞ് മൂന്നിന് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും.
ഇക്കൊല്ലത്തെ അവാർഡ് നിർണയത്തിനു ശിപാർശ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചില ജില്ലകളിൽ തർക്കങ്ങളുണ്ടായിരുന്നു. ശിപാർശകളിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്ന ആക്ഷേപവുമായി പ്രതിപക്ഷ അധ്യാപക സംഘടനകൾ രംഗത്തുവരുകയും ചെയ്തു.
അവാർഡ് നിർണയത്തിന്റെ മാനദണ്ഡങ്ങൾ മറികടന്നെന്നും ഉദ്യോഗസ്ഥരെ ഉപയോഗിച്ചു ശിപാർശകൾ അട്ടിമറിക്കാൻ ശ്രമിച്ചെന്നുമാണ് ആക്ഷേപമുണ്ടായത്.