ഊരാൻ നോക്കി; ഒടുവിൽ തെറ്റി, കുടുങ്ങി
Sunday, September 7, 2025 1:35 AM IST
തൃശൂർ: കള്ളക്കേസിൽ കുടുക്കാൻ നോക്കി. റൗഡി പട്ടികയിൽ ഉൾപ്പെടുത്താൻ നോക്കി. ഇടയ്ക്കു വീട്ടിലെത്തി കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തി.
പണംനൽകി കേസൊതുക്കാനുള്ള ശ്രമം നടക്കാതെ വന്നപ്പോൾ വളഞ്ഞ വഴിയിലൂടെയുള്ള ഭീഷണിയും തുടരുന്നു... കുന്നംകുളം പോലീസ് സ്റ്റേഷനിൽ ക്രൂരമായ മർദനത്തിന് ഇരയായ യൂത്ത് കോണ്ഗ്രസിന്റെ ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിന്റെ വാക്കുകളാണിത്. നീ നേതാവു കളിക്കണ്ട എന്നു പറഞ്ഞായിരുന്നു മർദനം.
2023 ഏപ്രിൽ അഞ്ചിനു രാത്രി 12.23നാണ് സുജിത്തിനെ സ്റ്റേഷനിൽ എത്തിച്ചത്. കൊണ്ടുപോകുന്നവഴി ജീപ്പിൽവച്ചും മർദിച്ചിട്ടും കലി തീരാതെയാണ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയത്. പന്ത്രണ്ടരയോടെ അടുത്തഘട്ടം മർദനം തുടങ്ങി. ഷർട്ടും കൈയിലെ മോതിരവും മാലയുമൊക്കെ ഊരിവാങ്ങി. പൊതുപ്രവർത്തകനെന്ന പരിഗണനപോലും നൽകാതെയായിരുന്നു കുനിച്ചുനിർത്തിയുള്ള ഇടിയും ചൂരലുകൊണ്ടുള്ള മർദനവും.
സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ യഥാർഥ മുഖം പുറത്തുകൊണ്ടുവന്ന, രണ്ടുവർഷംമുന്പു നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ഉദ്യോഗസ്ഥർക്കെതിരേ നടപടി വന്നിരുന്നില്ല.
സുജിത്തിനെ മർദിച്ച പോലീസുകാർക്കെതിരായ കേസ് നിലവിൽ കുന്നംകുളം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണെന്ന സാങ്കേതികത്വം ചൂണ്ടിക്കാട്ടിയായിരുന്നു നടപടിയിലെ മെല്ലെപ്പോക്ക്. എന്നാൽ, സംഭവമുണ്ടായി ഒരുമാസത്തിനുള്ളിൽ ക്രൈം റിക്കാർഡ്സ് ബ്യൂറോ നടത്തിയ അന്വേഷണത്തിൽ കുറ്റം കണ്ടെത്തിയിട്ടും എന്തുകൊണ്ടു നടപടിയെടുത്തില്ലെന്ന ചോദ്യം ബാക്കി.
ഏറെക്കാലം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കോടതിയും വിവരാവകാശ കമ്മീഷനും നേരിട്ട് ഇടപെട്ടാണ് 2023 ഏപ്രിൽ മാസത്തിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചത്. നിയമചരിത്രത്തിലെ അപൂർവമായ നടപടികളിലൂടെയാണു കോടതി പോലീസുകാരെ പ്രതികളാക്കി കേസെടുത്തത്.
2023 ഏപ്രിൽ അഞ്ചിനു ചൊവ്വന്നൂരിൽ വഴിയരികിൽ നിന്ന സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തിയതു ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കിയതാണു പ്രകോപനമായത്. എസ്ഐ നുഹ്മാൻ സുജിത്തിനെ പോലീസ് ജീപ്പിൽ സ്റ്റേഷനിലേക്കു കൊണ്ടുപോയി. തുടർന്ന് അർധനഗ്നനാക്കി സ്റ്റേഷനിലെ ഇടിമുറിയിലെത്തിച്ച് എസ്ഐ നുഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർ വളഞ്ഞിട്ടു മർദിക്കുകയായിരുന്നു.
ഡ്രൈവർ സുഹൈറും മർദിച്ചവരുടെ കൂട്ടത്തിലുണ്ടെങ്കിലും ഇയാൾ രാജിവച്ച് വിഇഒ ആയി. ഇയാൾക്കെതിരേ കേസെടുത്തിട്ടില്ല. മദ്യപിച്ചു പ്രശ്നമുണ്ടാക്കിയെന്നും പോലീസിനെ ഉപദ്രവിച്ചെന്നും കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും ആരോപിച്ചു വ്യാജ എഫ്ഐആർ തയാറാക്കി ജയിലിൽ അടയ്ക്കാനായിരുന്നു നീക്കം. വൈദ്യപരിശോധനയിൽ മദ്യപിച്ചിട്ടില്ലെന്നു വ്യക്തമായതോടെ ചാവക്കാട് മജിസ്ട്രേറ്റ് കോടതി സുജിത്തിനു ജാമ്യം അനുവദിച്ചു.
കോടതിയുടെ നിർദേശമനുസരിച്ചു നടത്തിയ വൈദ്യപരിശോധനയിൽ പോലീസ് ആക്രമണത്തിൽ സുജിത്തിന് കേൾവിത്തകരാറുണ്ടായെന്നു കണ്ടെത്തി. തുടർന്നു മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ സുജിത്തിനെ അഞ്ചു പോലീസുകാർ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചു.
സുജിത്ത് നടത്തിയ ധീരമായ പോരാട്ടത്തിനൊടുവിലാണ് പോലീസുകാർക്കെതിരേ കേസ് രജിസ്റ്റർ ചെയ്യാൻ കുന്നംകുളം ഒന്നാംക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് എൽ. ജയന്ത് ഉത്തരവിട്ടത്.
സുജിത്തിനുവേണ്ടി കുന്നംകുളം ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് കൂടിയായ അഡ്വ. സി.ബി. രാജീവ് ഹാജരായി. പോലീസുകാർ പ്രതികളായ കേസായതിനാൽ കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു നടപടികൾ.
കേസ് വീണ്ടും 19നു കോടതി പരിഗണിക്കും. വിചാരണ പൂർത്തിയായ കേസായതിനാൽ വിധിയുണ്ടാകുമെന്നാണു പ്രതീക്ഷ.