ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ചു
Sunday, September 7, 2025 1:35 AM IST
മല്ലപ്പള്ളി: മല്ലപ്പള്ളി ഈസ്റ്റ് പോസ്റ്റ് ഓഫീസിനു സമീപം ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ചു. പുലിയിടശേരില്‍ രഘുനാഥന് (62), ഭാര്യ സുധ (55) എന്നിവരെയാണ് തിരുവോണനാളില്‍ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
എറണാകുളം ആലുവയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന മകന് അജയ് വ്യാഴാഴ്ച രാത്രി 7.30ന് മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നു.
പിന്നീട് രാത്രിയില്‍ വിളിച്ചപ്പോള്‍ മാതാപിതാക്കളെ ഫോണില്‍ ലഭ്യമായിരുന്നില്ല. തുടര്‍ന്ന് രാവിലെ വീണ്ടും ഫോണില്‍ വിളിച്ചപ്പോഴും കിട്ടാത്തതിനെത്തുടര്‍ന്ന് അജയുടെ ബന്ധുകൂടിയായ സുഹൃത്തിനോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു . അദ്ദേഹം വീട്ടിലെത്തിയപ്പോഴാണ് സുധയെ കഴുത്തിന് നാലിഞ്ചോളം ആഴത്തില്‍ കുത്തേറ്റ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ മുറ്റത്തു കിടക്കുന്നത് കണ്ടെത്തിയത്. പോലീസും ജനപ്രതിനിധികളും ചേർന്നു നടത്തിയ തെരച്ചിലിലാണ് വീടിനു സമീപമുള്ള സ്റ്റോര്‍ മുറിയില്‍ രഘുനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിനും ആത്മഹത്യക്കും കാരണമെന്നു സംശയിക്കുന്നു. തിരുവല്ല ഡിവൈഎസ്പി എസ്. നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മേല്‍നടപടികള്‍ സ്വീകരിച്ചു.
കൊല്ലത്തുനിന്നുള്ള ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. പോസ്റ്റ്മോർട്ടത്തിനുശേഷം ഇരുവരുടെയും മൃതദേഹം സംസ്കരിച്ചു.