അർബൻ നിധി തട്ടിപ്പു കേസിലെ പ്രതി മരിച്ച നിലയിൽ
Sunday, September 7, 2025 1:35 AM IST
കണ്ണൂർ: കണ്ണൂർ അർബൻ നിധി തട്ടിപ്പു കേസിലെ പ്രതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കീഴ്ത്തള്ളി ഷൈജു നിവാസിലെ ഷൈജു തച്ചോത്തിനെയാണ് (42) ഇന്നലെ രാവിലെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കണ്ണൂർ അർബൻ നിധി എന്ന സ്ഥാപനത്തിലെ കണ്ണൂർ ബ്രാഞ്ചിൽ മാനേജരായിരുന്നു ഷൈജു . മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഷൈജുവിന്റെ ഭാര്യ ഇംഗ്ലണ്ടിൽ നഴ്സായി ജോലി ചെയ്യുകയാണ്. അച്ഛൻ ബാലനും അമ്മ ചിത്രലേഖയും മറ്റൊരു മകന്റെ കൂടെ വിദേശത്താണുള്ളത്. സംസ്കാരം പിന്നീട് നടക്കും.
കണ്ണൂർ അർബൻ നിധി, സഹോദര സ്ഥാപനമായ എനി ടൈം മണി എന്നീ കമ്പനികളുടെ പേരിൽ നടന്ന നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ജില്ലയിൽ രജിസ്റ്റർ ചെയ്ത വിവിധ കേസുകളിൽ പ്രതിയാണു ഷൈജു.