ഫിംക്യാപിൽ അംഗമായി എസ്എംവൈഎം
Sunday, September 7, 2025 1:35 AM IST
കൊച്ചി: വത്തിക്കാനിൽ അല്മായർക്കു വേണ്ടിയുള്ള ഡികാസ്ട്രിയുടെ മേൽനോട്ടത്തിലുള്ള വ്യത്യസ്ത രാജ്യങ്ങളിലെ യുവജന സംഘടകളുടെ കൂട്ടായ്മയായ ഫിംക്യാപിൽ സീറോ മലബാർ സഭയുടെ ഔദ്യോഗിക യുവജന സംഘടനയായ സീറോ മലബാർ യൂത്ത് മൂവ്മെൻ്റ് (എസ്എംവൈഎം) അംഗത്വമെടുത്തു.
മൂന്ന് വർഷത്തിലൊരിക്കൽ നടക്കുന്ന ജനറൽ അസംബ്ലിയിൽ നിരീക്ഷക സംഘടനയായി പങ്കെടുത്ത് മൂന്നിൽ രണ്ട് ഭൂരിപക്ഷം വോട്ട് നേടിയാണ് എസ്എംവൈഎം അംഗത്വം നേടിയത്.
ഈ വർഷം ജോർജിയയിൽ ആണ് ജനറൽ അസംബ്ലി നടന്നത്. എസ്എംവൈഎമ്മിനെ പ്രതിനിധീകരിച്ച് പ്രസിഡൻറ് അഡ്വ. സാം സണ്ണി ഓടയ്ക്കനും ഡയറക്ടർ ഫാ. ജേക്കബ് ചക്കാത്രയും മുൻ പ്രസിഡൻറ് സിജോ അമ്പാട്ടും പങ്കെടുത്തു. യൂറോപ്പ്, ലാറ്റിനമേരിക്ക, ഏഷ്യ, ആഫ്രിക്ക, എന്നീ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 28 രാജ്യങ്ങളിൽ നിന്നായി 31 സംഘടനകളാണ് ഫിംക്യാപിൽ അംഗങ്ങൾ. യുഎന്നിൽ അഫിലിയേഷനുള്ളസംഘടനയാണിത്.