പിണറായി മൗനം വെടിയണം: ചെന്നിത്തല
Sunday, September 7, 2025 1:35 AM IST
കുന്നംകുളം: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ സുജിത്തിനെ പോലീസ് അതിക്രൂരമായി മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രി തുടരുന്ന മൗനം ഇത്തരം വിഷയങ്ങളിലെ സർക്കാരിന്റെ പ്രവണതയാണ് തുറന്നുകാട്ടുന്നതെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
കുന്നംകുളം കാണിപ്പയ്യൂരിലെ സുജിത്തിന്റെ വീട്ടിലെത്തിയശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നടക്കുന്ന ഇത്തരം അതിക്രമങ്ങൾ സംബന്ധിച്ച് അന്വേഷിക്കണം. പോലീസ് സ്റ്റേഷനുകൾ പിണറായി കോണ്‍സൻട്രേഷൻ ക്യാന്പുകളാക്കുകയാണ്. വർഗീസ് ചൊവ്വന്നൂർ കേസുമായി മുന്നോട്ടു പോയില്ലായിരുന്നെങ്കിൽ സംഭവം കേരളം അറിയില്ലായിരുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
രാജ്യത്തെ പോലീസ് സ്റ്റേഷനുകളിൽ സിസിടിവി പ്രവർത്തനരഹിതമാണെന്ന വിഷയത്തിൽ സുപ്രീംകോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത ഹർജിയിൽ കക്ഷിചേരുന്ന കാര്യത്തിൽ പാർട്ടിയുടെ എല്ലാവിധ പിന്തുണയും സഹായവും ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.