ഹ്യുണ്ടായ് ബാറ്ററി പ്ലാന്റിൽ ട്രംപ് ഭരണകൂടത്തിന്റെ റെയ്ഡ്; അറസ്റ്റിലായവർക്കു പിന്തുണ പ്രഖ്യാപിച്ച് ദക്ഷിണകൊറിയ
Sunday, September 7, 2025 2:07 AM IST
വാഷിംഗ്ടൺ ഡിസി: ദക്ഷിണകൊറിയൻ വാഹനനിർമാണ കന്പനിയായ ഹ്യുണ്ടായിയുടെ ബാറ്ററി പ്ലാന്റ് നിർമാണ മേഖലയിൽ അമേരിക്കൻ കുടിയേറ്റ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 475 പേർ അറസ്റ്റിലായി. ഇതിൽ മുന്നൂറിലധികം പേരും ദക്ഷിണകൊറിയൻ പൗരന്മാരാണ്. വീസ ചട്ടങ്ങൾ ലംഘിച്ചതിന്റെ പേരിലാണു നടപടിയെന്ന് അമേരിക്ക പറഞ്ഞു.
അമേരിക്കയിലെ ജോർജിയ സംസ്ഥാനത്ത് ഹ്യുണ്ടായി ആരംഭിക്കുന്ന ഇലക്ട്രോണിക് വാഹന ഉത്പാദന കേന്ദ്രത്തിന്റെ ഭാഗമാണു ബാറ്ററി നിർമാണ കേന്ദ്രം. കൊറിയൻ ഇലക്ട്രോണിക് കന്പനിയായ എൽജിയുമായി ചേർന്നാണ് ഹ്യുണ്ടായി ഈ പ്ലാന്റ് നിർമിക്കുന്നത്. വ്യാഴാഴ്ച നൂറുകണക്കിന് ഉദ്യോഗസ്ഥർ ഇവിടെ റെയ്ഡ് നടത്തുകയായിരുന്നു.
ഹ്രസ്വകാല, ടൂറിസ്റ്റ് വീസകളിൽ അമേരിക്കയിൽ എത്തിയശേഷം അനധികൃതമായി തൊഴിലിൽ ഏർപ്പെട്ടവരെയാണു പിടികൂടിയതെന്ന് അമേരിക്കൻ കുടിയേറ്റവകുപ്പ് വിശദീകരിച്ചു. അമേരിക്കയിലെ ട്രംപ് ഭരണകൂടം അനധികൃത കുടിയേറ്റക്കാർക്കെതിരേ തുടരുന്ന നടപടികളുടെ ഭാഗമായിട്ടായിരുന്നു റെയ്ഡ്.
അതേസമയം, ഏഷ്യയിലെ പ്രധാന സൈനികപങ്കാളിയും അമേരിക്കയിലെ ഏറ്റവും വലിയ നിക്ഷേപ രാജ്യങ്ങളിലൊന്നുമായ ദക്ഷിണകൊറിയയുമായുള്ള ബന്ധം വഷളാക്കുന്ന നടപടിയാണിതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ സാന്പത്തിക വികസന പദ്ധതിയായിട്ടാണ് ഹ്യുണ്ടായി പ്ലാന്റിനെ ജോർജിയ സർക്കാർ വിശേഷിപ്പിക്കുന്നത്.
അറസ്റ്റിലായവർക്ക് കൊറിയൻ സർക്കാർ പൂർണ പിന്തുണ പ്രഖ്യാപിച്ചു. പ്രസിഡന്റ് ലീ ജേ മ്യുംഗിന്റെ നിർദേശപ്രകാരം ഇവരെ സുരക്ഷിതമായി തിരിച്ചെത്തിക്കാനായി പ്രത്യേക ടീമിനെ സജ്ജമാക്കിയെന്നു കൊറിയൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.