ഖലിസ്ഥാനി ഗ്രൂപ്പുകൾക്ക് സാന്പത്തിക സഹായം കാനഡയിൽനിന്നു തന്നെയെന്ന്
Sunday, September 7, 2025 1:36 AM IST
ഒട്ടാവ: രണ്ട് ഖലിസ്ഥാനി ഗ്രൂപ്പുകൾ രാജ്യത്തിനുള്ളിൽ നിന്നുതന്നെ സാന്പത്തിക സഹായം നേടിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് കനേഡിയൻ സർക്കാർ പുറത്തിറക്കി.
ബബ്ബർ ഖൽസ ഇന്റർനാഷണൽ, ഇന്റർനാഷണൽ സിക്ക് യൂത്ത് ഫെഡറേഷൻ എന്നിവയാണ് സംഘടനകളെന്ന് ‘2025 അസസ്മെന്റ് ഓഫ് മണി ലോണ്ടറിംഗ് ആൻഡ് ടെററിസ്റ്റ് ഫിനാൻസിംഗ് റിസ്ക്സ് ഇൻ കാനഡ’ എന്ന റിപ്പോർട്ട് വ്യക്തമാക്കുന്നു.
രാഷ്ട്രീയ പ്രേരിതമായ അക്രമാസക്തമായ തീവ്രവാദത്തിലൂടെ നിലവിലുള്ള സംവിധാനത്തിനുള്ളിൽ പുതിയ രാഷ്ട്രീയ സംവിധാനങ്ങളും ഘടനകളും കീഴ്വഴക്കങ്ങളും സൃഷ്ടിക്കാനുള്ള പ്രോൽസാഹനമാണ് നടക്കുന്നത്. ഇത്തരം നീക്കങ്ങൾ നടത്തുന്ന സംഘടനകളുടെ പട്ടികയിൽ ഹമാസ്, ഹിസ്ബുള്ള എന്നിവയുമുണ്ട്.
ക്രിപ്റ്റോകറൻസികളോടൊപ്പം ചാരിറ്റി സംഘടനകളെയും ഫണ്ടിംഗിനായി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യൻ പഞ്ചാബിൽ വിഘടനവാദത്തിന് ശ്രമിക്കുന്ന കാനഡ ആസ്ഥാനമായുള്ള ഖലിസ്ഥാനി ഗ്രൂപ്പുകൾ രാജ്യത്തിന് കടുത്ത സുരക്ഷാ ഭീഷണിയാണെന്ന് വ്യക്തമാക്കുന്ന കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസിന്റെ റിപ്പോർട്ട് രണ്ട് മാസം മുൻപ് പുറത്തിറങ്ങിയിരുന്നു.