സഭയ്ക്ക് അഭിമാനനിമിഷം: മാര്‍പാപ്പ
Monday, September 8, 2025 2:08 AM IST
വത്തിക്കാന്‍ സിറ്റി: കാര്‍ലോ അക്കുത്തിസും പിയെര്‍ ജോര്‍ജോ ഫ്രസാത്തിയും വിശുദ്ധരാക്കപ്പെട്ടതു സ്വര്‍ഗത്തിനും സഭയ്ക്കും അഭിമാനനിമിഷമെന്ന് ലെയോ പതിനാലാമന്‍ മാര്‍പാപ്പ. സ്വര്‍ഗമാണു തങ്ങളുടെ ഭവനമെന്ന് ഇരു വിശുദ്ധരും തങ്ങളുടെ ജീവിതത്തിലൂടെ നമുക്ക് കാണിച്ചുതന്നെന്നും മാര്‍പാപ്പ പറഞ്ഞു. കാര്‍ലോ അക്കുത്തിസിനെയും ഫ്രസാത്തിയെയും വിശുദ്ധരായി പ്രഖ്യാപിച്ചശേഷം വചനസന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പ.
ഇന്നു നമ്മള് 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ജനിച്ച് ഇഹലോകവാസം വെടിഞ്ഞ ഫ്രസാത്തിയെയും നമ്മുടെ കാലത്തു ജനിച്ച് ഇഹലോകവാസം വെടിഞ്ഞ കാര്‍ലോ അക്കുത്തിസിനെയും ഓര്‍മിക്കുന്നു. യേശുവിനെ സ്നേഹിക്കുകയും അവനുവേണ്ടി എല്ലാം നല്കാന് തയാറാകുകയും ചെയ്തവരാണ് ഇരുവരും. യുവതലമുറയ്ക്കു മാതൃകയാണ് ക്രിസ്തുവിന്റെ ഈ ധീരയുവാക്കള്‍. ദിവ്യകാരുണ്യ അദ്ഭുതങ്ങള്‍ ലോകമെങ്ങും പ്രചരിപ്പിക്കാനും ക്രിസ്തുവിനെ പ്രഘോഷിക്കാനും കാര്‍ലോ അക്കുത്തിസ് സൈബര്‍ ഇടത്തില്‍ വലിയ ഇടപെടല്‍ നടത്തി. ക്രിസ്തുവിന്റെ സ്നേഹം അനേകര്‍ക്കു പകര്‍ന്നുകൊടുക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. നിത്യതയിലേക്കുള്ള പ്രത്യാശയില്‍ ജീവിക്കാന്‍ ഈ വിശുദ്ധര്‍ നമ്മെ ആഹ്വാനം ചെയ്യുന്നു-മാര്‍പാപ്പ പറഞ്ഞു.
സോളമനെപ്പോലെ, യേശുവുമായുള്ള സൗഹൃദവും ദൈവത്തിന്റെ പദ്ധതികള്‍ വിശ്വസ്തതയോടെ പിന്തുടരുന്നതും മറ്റേതൊരു ലൗകികലക്ഷ്യങ്ങളേക്കാളും വലുതാണെന്ന് ഈ വിശുദ്ധര്‍ മനസിലാക്കി. ദൈവത്തിങ്കലേയ്ക്കു തിരിയാനാണു വിശുദ്ധര്‍ നമ്മോട് ആഹ്വാനം ചെയ്യുന്നത്.
പിയെര്‍ ജോര്‍ജോ ഫ്രസാത്തി അല്മായ ആധ്യാത്മികതയുടെ ജ്വലിക്കുന്ന ദീപമാണെങ്കില്‍ കാര്‍ലോ അക്കുത്തിസ് ലാളിത്യത്തിലൂടെ വിശുദ്ധിയിലേക്ക് എത്തിയ വ്യക്തിത്വമാണ്. ദിനംപ്രതിയുള്ള വിശുദ്ധ കുര്‍ബാനയും പ്രാര്‍ഥനയും പ്രത്യേകിച്ച് ദിവ്യകാരുണ്യ ആരാധനയുമാണ് ഇരു വിശുദ്ധരെയും ദൈവത്തിങ്കലേക്ക് അടുപ്പിച്ചതും അതുവഴി ചുറ്റുമുള്ളവരിലേക്ക് ആ സ്നേഹം പ്രോജ്ജ്വലിപ്പിക്കാനും സഹായിച്ചതും.
യുക്രെയ്നിലും ഗാസയിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും സമാധാനം പുലരാന്‍ ഈ യുവവിശുദ്ധരുടെ മാധ്യസ്ഥ്യം നമുക്കു തേടാമെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.