ഓണസദ്യ വിവാദം: അഭിപ്രായം എവിടെ, എങ്ങനെ പറയണമെന്ന് അവരവര്‍ ആലോചിക്കണം: വി.ഡി. സതീശന്
Monday, September 8, 2025 6:56 AM IST
കൊച്ചി: മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ച സംഭവത്തില്‍ വിമര്‍ശനം ഉന്നയിച്ച കെ. സുധാകരന് എംപിക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. ""ഞാന്‍ വിമര്‍ശനത്തിന് അതീതനല്ല. എന്റെ ഭാഗത്തുനിന്നും എന്തെങ്കിലും തെറ്റുണ്ടായാല്‍ വിമര്‍ശിക്കാനുള്ള അധികാരം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു വരെയുണ്ട്.
മുതിര്‍ന്ന ആളുകള്‍ പറയുന്നതിനോട് വെറുപ്പോ വിദ്വേഷമോയില്ല. അവര്‍ക്ക് എന്നെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതൊക്കെ എവിടെ, എങ്ങനെ പറയണമെന്നത് അവരവര്‍ ആലോചിക്കേണ്ടതാണ്’’. തനിക്ക് ഒരുപരാതിയുമില്ലെന്നും സതീശന് പറഞ്ഞു.
കോണ്‍ഗ്രസിലെ ഡിജിറ്റല്‍ മീഡിയയുമായി തനിക്ക് ബന്ധമില്ല. അങ്ങനെ ഒരു ഡിജിറ്റല്‍ മീഡിയ പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും അറിയില്ല. കോണ്‍ഗ്രസിന്റെ പേരില്‍ ഒരുപാട് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതില്‍നിന്നും വരുന്നത് കാണുമ്പോള്‍ കോണ്‍ഗ്രസ് വിരുദ്ധരാണോ അതിനു പിന്നിലെന്നുപോലും സംശയം തോന്നും. വി.ടി. ബല്‍റാമിന്റെ വിഷയത്തില്‍ കെപിസിസി പരിശോധിച്ച് നടപടി സ്വീകരിക്കും.
ബല്‍റാമിനെ ഒരിടത്തുനിന്നും പുറത്താക്കിയിട്ടില്ല. അതേസമയം സിപിഎമ്മിന്റെ മാധ്യമ വിഭാഗം എന്നെ നിരന്തരമായ ആക്രമിക്കാന്‍ തീരുമാനം എടുത്തിട്ടുണ്ട്. ആ തീരുമാനത്തിന്റെ ഭാഗമായി അവര്‍ പര്‍ച്ചേസ് ചെയ്തിരിക്കുന്ന വിവിധ യുട്യൂബ് ചാനലുകളിലൂടെ തന്നെ വ്യക്തിപരമായി ആക്രമിക്കുന്നുണ്ട്. അതൊന്നും തനിക്കുമേല്‍ ഒരു പോറല്‍പോലും ഏല്‍പ്പിക്കില്ലെന്നും സതീശൻ പറഞ്ഞു.
കേരളം മുഴുവന്‍ കടല്‍പോലെ അലയടിച്ച് തന്റെ മുന്നിലേക്ക് വന്നാലും ബോധ്യങ്ങളില്‍ താനെടുത്ത നിലപാടില്‍ നിന്നും ഒരു മാറ്റവും ഉണ്ടാകില്ല.കോണ്‍ഗ്രസ് ജീവിക്കുന്നത് സോഷ്യല്‍ മീഡിയയിലോ റീലിലോ അല്ല. ജനമനസുകളിലാണെന്നും സതീശന് പറഞ്ഞു.
സതീശനെ ന്യായീകരിച്ച് അടൂര്‍ പ്രകാശ്
കൊച്ചി: കുന്നംകുളത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയില്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്ന ദിവസം മുഖ്യമന്ത്രിക്കൊപ്പം പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ഓണവിരുന്ന് കഴിച്ച സംഭവത്തില്‍ സതീശനെ ന്യായീകരിച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്.
മുഖ്യമന്ത്രിയുടെ ഓണവിരുന്നിനായി പോകുന്ന സമയത്ത് കുന്നംകുളത്തെ കസ്റ്റഡിമര്ദന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നിരുന്നില്ല. അങ്ങനെ വാര്‍ത്ത വന്നിരുന്നെങ്കില്‍ സതീശന് അവിടെ പോവുകയോ മുഖ്യമന്ത്രിയുടെ വിരുന്നില്‍ പങ്കെടുക്കുകയോ ചെയ്യില്ലായിരുന്നുവെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.